ശ്രീനഗർ: ജമ്മുകാശ്‌മീരിൽ ഭീകരരുടെ വെടിയേറ്റു മരിച്ച മുത്തച്ഛന്റെ മൃതദേഹത്തിൽ ചേർന്നിരുന്ന മൂന്ന് വയസുകാരനെ സംഘർഷത്തിനിടെ സുരക്ഷാഭടന്മാർ സാഹസികമായി രക്ഷപ്പെടുത്തി. കുപ്‌വാര ജില്ലയിലെ സോപോറിൽ ഇന്നലെയാണ് സംഭവം. മുത്തച്ഛനൊപ്പം കാറിൽ ശ്രീനഗറിൽ നിന്ന് ഹാൻദ്വാരയിലേക്ക് സഞ്ചരിക്കുകയായിരുന്നു ആ മൂന്ന് വയസുകാരൻ. പെട്ടെന്നാണ് ഭീകരർ വെടിവയ്ക്കാൻ തുടങ്ങിയത്.
അപകടം മനസിലാക്കിയ മുത്തച്ഛൻ കാർ നിറുത്തി അവനെയും കൊണ്ട് പുറത്തേക്കു ചാടി സുരക്ഷിതസ്ഥാനം നോക്കി ഓടി. പക്ഷേ, ആ ശ്രമം വിജയിച്ചില്ല. ഭീകരരുടെ വെടിയേറ്റ് റോഡിൽ വീണ അദ്ദേഹം പേരക്കുട്ടിയുടെ മുന്നിൽ പിടഞ്ഞുമരിച്ചു. സംഭവത്തിന്റെ ഗൗരവം അറിയാത്ത പിഞ്ചുകുഞ്ഞ്, ചോരക്കളത്തിൽ മലർന്നുകിടന്ന മുത്തച്ഛന്റെ മൃതദേഹത്തിൽ കയറിയിരുന്നു. ഭീകരരുമായി ഏറ്റുമുട്ടിക്കൊണ്ടിരുന്ന സി.ആർ.പി.എഫ് ഭടന്മാർ അവനെ കണ്ടു. ഭീകരരുടെ വെടിയുണ്ടകൾ അപ്പോഴും ചീറിപ്പാഞ്ഞുകൊണ്ടിരുന്നു. അവനെ എങ്ങനെയും രക്ഷപ്പെടുത്താൻ തീരുമാനിച്ച സുരക്ഷാഭടന്മാർ ഒരു നിമിഷം പോലും കളയാതെ ജീവൻ പണയംവച്ച് ഓടിച്ചെന്ന് വാരിയെടുത്തു. സുരക്ഷാ സേനതന്നെ പിന്നീട് അവനെ അമ്മയുടെ അടുത്ത് എത്തിച്ചു. മുത്തച്ഛന്റെ മൃതദേഹത്തിൽ ചേർന്നിരിക്കുന്ന കുഞ്ഞിന്റെ ചിത്രം സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു സുരക്ഷാ ഭടൻ അവനെ എടുത്ത് ആശ്വസിപ്പിക്കുന്ന ചിത്രം ജമ്മുകാശ്‌മീർ പൊലീസ് ട്വിറ്ററിലും പോസ്റ്റ് ചെയ്‌തു.
കഴിഞ്ഞയാഴ്‌ച അനന്ത്നാഗിൽ ഭീകരരുടെ വെടിവയ്‌പിൽ ഒരു ആറുവയസുകാരൻ കൊല്ലപ്പെട്ടത് വ്യാകമായ രോഷത്തിനിടയാക്കിയിരുന്നു. മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഉൾപ്പെടെയുള്ളവർ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
ഇന്നലെ സോപോറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സി.ആർ.പി ഭടനും സിവിലിയനും കൊല്ലപ്പെടുകയും മൂന്ന് ഭടന്മാർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.