ന്യൂഡൽഹി : ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും കഠിനമായ പരീക്ഷണ കാലഘട്ടമായിരുന്നു ജൂൺ മാസം. ജൂൺ മാസത്തിലെ 30 ദിവസങ്ങൾക്കിടെയിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് പുതിയ 4,00,000 കൊവിഡ് കേസുകൾ. ഇപ്പോഴിതാ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയിലെ നാലാം സ്ഥാനത്ത് എത്തി നിൽക്കുകയാണ് ഇന്ത്യ. തൊട്ടുമുന്നിൽ യു.എസ്, ബ്രസീൽ, റഷ്യ എന്നിവയാണ്. യു.എസും ബ്രസീലും കഴിഞ്ഞാൽ ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതും ഇന്ത്യയിൽ തന്നെയാണ്.
ഏപ്രിലിൽ ശക്തമായ ലോക്ക്ഡൗണിൽ കഴിയുമ്പോഴും നമ്മുടെ രാജ്യത്ത് 33,248 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മേയ് ആയപ്പോഴേക്കും അത് 1.5 ലക്ഷത്തിലേക്ക് കടന്നു. മേയ് അവസാനത്തെ കണക്ക് പരിശോധിച്ചാൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാൽ കണ്ണടച്ച് തുറക്കും മുമ്പാണ് ഇന്ത്യയിൽ രോഗനിരക്കിൽ കുതിച്ചുച്ചാട്ടം പ്രകടമായത്. ജൂൺ പകുതിയോടെ രോഗികളുടെ എണ്ണം 3.22 ലക്ഷത്തിലേക്ക് പാഞ്ഞടുത്തു. ജൂൺ അവസാനിക്കുമ്പോൾ 5.67 ലക്ഷം എന്ന സംഖ്യയിലേക്കെത്തി രോഗികളുടെ എണ്ണം. ജൂൺ എന്ന ഒറ്റമാസം കൊണ്ട് ഇന്ത്യയിലുണ്ടായത് 4,00,417 കൊവിഡ് രോഗികളാണ്. അതായത്, ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ 70 ശതമാനത്തിലധികം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ജൂണിലാണ്.
രോഗികളുടെ എണ്ണത്തിൽ മാത്രമല്ല, മരണനിരക്കിലും വൻ വർദ്ധനവാണ് ഇന്ത്യയിൽ പോയ മാസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മേയ് 31ന് ഇന്ത്യയിലെ കൊവിഡ് മരണ സംഖ്യ 5,200 ആയിരുന്നു. ഇപ്പോഴത് 17,000 കടന്നിരിക്കുന്നു. ഏകദേശം 12,000 പേർ ജൂൺ മാസത്തിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചു. ഏപ്രിലിൽ 1,100 പേർക്ക് ഇന്ത്യയിൽ കൊവിഡ് മൂലം ജീവൻ നഷ്ടമായപ്പോൾ മേയിൽ 4,300 ലേറെയായി മരണ സംഖ്യ. ചുരുക്കത്തിൽ രോഗികളുടെ എണ്ണവും മരണ സംഖ്യയും ഇന്ത്യയിൽ ജൂൺ മാസത്തോടെ ഇരട്ടിയാകുകയായിരുന്നു.
ഇതൊക്കെയാണെങ്കിലും രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് ആശ്വാസം പകരുന്നുണ്ട്. മേയ് അവസാനം വരെ 1.69 ലക്ഷം പേർക്കാണ് കൊവിഡ് ഭേദമായത്. മേയ് മാസത്തെ മാത്രം കണക്ക് പരിശോധിച്ചാൽ 87,000 ത്തിലധികം പേർക്ക് രോഗം ഭേദമായിട്ടുള്ളതായി കാണാം.
ജൂണിൽ 2,47,842 പേർ രോഗമുക്തരായി. 62 ശതമാനം പേരാണ് ജൂൺ മാസത്തിൽ രോഗമുക്തരായത്. ഇതിൽ ഭൂരിഭാഗം പേർക്കും മേയിലാണ് രോഗം സ്ഥിരീകരിച്ചത്.
ജൂൺ മാസത്തിലാണ് കേന്ദ്ര സർക്കാർ രാജ്യത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചത്. തിരക്കേറിയ മാർക്കറ്റുകളിലെ വിപണി ഉപാധികളോടെ പ്രവർത്തിക്കാൻ തുടങ്ങി. യാത്രാ മാനദണ്ഡങ്ങളിലും ഇളവുകൾ പ്രാബല്യത്തിൽ വന്നു. സ്വാഭാവികമായി നിരത്തിൽ മുൻ മാസങ്ങളെ അപേക്ഷിച്ച് തിരക്ക് കൂടി. ചിലരാകട്ടെ സാമൂഹ്യ അകലമൊക്കെ പാടേ മറന്നു. ഇതിനിടെയിൽ വൈറസ് വ്യാപനം പിടിച്ചു കെട്ടാൻ പൊലീസും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെയുള്ള അധികൃതർ നന്നേ ബുദ്ധിമുട്ടുകയും ചെയ്തു.
ജൂൺ മാസത്തിൽ പ്രഖ്യാപിച്ച ' അൺലോക്ക് 1.0 ' യ്ക്കിടെ ജനങ്ങൾക്കിടെയിൽ വൻ തോതിൽ അശ്രദ്ധമായ പെരുമാറ്റവും നിരുത്തരവാദിത്വവും വർദ്ധിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ജൂൺ മാസം ആദ്യം മാസ്ക് ധരിക്കാതെ പള്ളിയിൽ പ്രവേശിച്ച ബൾഗേറിയൻ പ്രധാനമന്ത്രി ബൊയ്കോ ബോറിസോവിന് പ്രാദേശിക ഭരണകൂടം പിഴ ഈടാക്കിയ കാര്യം പ്രധാനമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. നിയമങ്ങളും നിയന്ത്രണങ്ങളും എല്ലാവർക്കും ബാധകമാണെന്നും അത് പാലിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ജൂൺ മാസം വിടവാങ്ങി, ജൂലായ് പിറന്നപ്പോൾ ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 5,85,493 ആണ്. ഇതിൽ 3,47,979 പേർക്ക് രോഗം ഭേദമായി. 17,400 പേർക്ക് ജീവൻ നഷ്ടമായി. ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണ്. 18,000 ത്തിലേറയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ള പ്രതിദിന വർദ്ധനവ്.