aadu

ബംഗളൂരു : ആട്ടിടയന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 47 ആടുകളെ ക്വാറന്റൈനിലാക്കി. കർണാടകത്തിലെ തുംഗൂരു ജില്ലയിലെ ഗോദ്കെറെ ഗ്രാമത്തിലാണ് സംഭവം നടന്നത്. ആട്ടിടയന് കൊവിഡ് സ്ഥിരീകരിച്ചശേഷം ഗ്രാമത്തിൽ ആടുവളർത്തുന്ന ഒരാളുടെ നാല് ആടുകൾ ചത്തതോടെയാണ് പ്രശ്നങ്ങളുണ്ടായത്. വിവരമറിഞ്ഞ് ആരോഗ്യപ്രവർത്തകരും മൃഗഡോക്ടർമാരും സ്ഥലത്തെത്തി ആടുകളിൽ നിന്ന് സ്രവം ശേഖരിച്ചു. തുടർന്നാണ് 47 ആടുകളെ ക്വാറന്റൈനിലാക്കാൻ തീരുമാനിച്ചത്.

ആടുകളുടെ സ്രവം ശേഖരിക്കുന്നതിനിടെ ഗ്രാമവാസികൾ സംഘടിച്ചെത്തിയത് അല്‌പനേരം സംഘർഷത്തിനിടയാക്കി. ആടുകളെ പിടിച്ചുകൊണ്ടുപോകാനാണ് അധികൃതർ എത്തിയതെന്നായിരുന്നു ഗ്രാമവാസികളുടെ ആരോപണം. ഇവർ ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചു. ഒടുവിൽ ഏറെ പണിപ്പെട്ട് അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി. തുടർന്നാണ് ഗ്രാമവാസികൾ ശാന്തരായത്. ചത്ത ആടുകൾക്ക് കൊവിഡ് ഉണ്ടോ എന്ന് വ്യക്തമല്ല. ഇതിനായി അവയുടെ പോസ്റ്റുമോർട്ടം നടത്താനൊരുങ്ങുകയാണ് അധികൃതർ.

മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് കൊവിഡ് പകർന്നതിന് വ്യക്തമായ തെളിവുകളൊന്നും ഇതുവരെ ഇല്ലെന്നാണ് അധികൃതർ പറയുന്നത്. ആട്ടിടയന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. നേരത്തെ ഗ്രാമത്തിലെ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.