ന്യൂഡൽഹി: ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയായി കുറയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷനിലുണ്ടായിരുന്ന 143 ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചൊവ്വാഴ്ച അട്ടാരി-വാഗ അതിർത്തിയിലൂടെ രാജ്യത്തേക്ക് മടങ്ങി. പാകിസ്ഥാനിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 38 ഇന്ത്യൻ ഉദ്യോഗസ്ഥർ ഇന്ത്യയിലേക്ക് തിരിച്ചു. കർതാർപൂർ സാഹിബ് ഇടനാഴിയുടെ ഭാഗം പാകിസ്ഥാൻ വീണ്ടും തുറന്ന ശേഷമാണ് ഈ നീക്കം.
പാക് ഹൈക്കമ്മീഷനിലെ ചില ഉദ്യോഗസ്ഥർക്ക് ചാരപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്നും അവർ തീവ്രവാദ സംഘടനകളുമായി ഇടപാട് നടത്തുകയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കഴിഞ്ഞ 23ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണ് ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാൻ ഇന്ത്യ ആവശ്യപ്പെട്ടത്.
ഇതിനു ശേഷം ഇസ്‌ലാമാബാദിലെ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാൻ ഇന്ത്യ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന ഉദ്യോഗസ്ഥരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയും സ്വകാര്യ ഹോട്ടലിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്യും.