flipkart-and-amzon

ന്യൂഡൽഹി:ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന ഉത്പന്നങ്ങള്‍ ഏത് രാജ്യത്തില്‍നിന്നുള്ളതാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജിയില്‍ ഇ-കൊമോഴ്‌സ് പ്ലാറ്റ്‌ഫോമുകളോടും കേന്ദ്ര വാണിജ്യ മന്ത്രാലയത്തോടും വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി.ഇ-കൊമേഴ്‌സ് പ്രധാനികളായ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവയോടാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്.ഇ-കൊമോഴ്‌സ് സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന ഉത്പന്നങ്ങള്‍ ഏത് രാജ്യത്തുനിന്നാണ് എത്തിക്കുന്നതെന്ന് പാക്കറ്റില്‍ എഴുതി കാണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അമിത് ശുക്ല നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

ലീഗല്‍ മെട്രോളജി ആക്റ്റ്, 2009 അനുസരിച്ചാണ് അമിത് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. 2011 പ്രകാരമുള്ള ലീഗല്‍ മെട്രോളജി ചട്ടങ്ങള്‍ 2019ല്‍ ഭേദഗതി ചെയ്തിരുന്നു. ഇതുപ്രകാരം ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് ഉത്പന്നങ്ങള്‍ ഏതു രാജ്യത്തിന്റേതാണെന്ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാം. എന്നാല്‍ ഈ ഭേദഗതി കമ്പനികള്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് മുൻഗണന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു.ഇത്തരമൊരു സാഹചര്യത്തില്‍ ഇ-കൊമേഴ്സ് കമ്പനികള്‍ വില്‍ക്കുന്ന ഉത്പന്നങ്ങളില്‍ അതാത് രാജ്യത്തിന്റെ പേര് വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനായി, പുതിയ ഉത്പന്നങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് വില്‍പ്പനക്കാര്‍ ഗവണ്‍മെന്റ്-ഇ-മാര്‍ക്കറ്റ്‌പ്ലെയ്‌സായ ജെമിൽ പ്രവേശിക്കണമെന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്ന ഓണ്‍ലൈന്‍ വിപണകേന്ദ്രമാണ് ജെം.