china-india

ന്യൂഡൽഹി: രാജ്യത്തെ ഹൈവേ നിർമ്മാണ പദ്ധതികളിൽ ചൈനീസ് കമ്പനികളെ അനുവദിക്കേണ്ടെന്ന് തീരുമാനിച്ചും ബി.എസ്.എൻ.എൽ 4 - ജി സാങ്കേതിക വിദ്യാ നവീകരണത്തിന് ചെെനീസ് കമ്പനിയായ ഹുവായ് അപേക്ഷിച്ച 8000 കോടിയുടെ ടെൻഡർ റദ്ദാക്കിയും ഗാൽവനിലെ അതിക്രമത്തിന് സാമ്പത്തികാഘാതമേൽപ്പിച്ച് ഇന്ത്യ. ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു.

സംയുക്ത സംരംഭങ്ങളിൽ ഉൾപ്പെടെ ചൈനയെ ഒഴിവാക്കുമെന്നും ഇന്ത്യൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഇന്നലെ വ്യക്തമാക്കി. സൂക്ഷ്‌മ,​ ചെറുകിട,​ ഇടത്തരം സംരംഭങ്ങളിലും ചൈനീസ് നിക്ഷേപകരെ അനുവദിക്കില്ല.

ചൈനീസ് കമ്പനികൾ സംയുക്തസംരംഭങ്ങൾ വഴി വരാൻ ശ്രമിച്ചാലും അനുവദിക്കില്ല. ഇന്ത്യൻ കമ്പനികൾക്ക് റോഡ് പദ്ധതികളിൽ പങ്കാളിത്തത്തിനുള്ള മാനദണ്ഡങ്ങൾ ലഘുവാക്കും. ഇതുസംബന്ധിച്ച് പുതിയ നയം പ്രഖ്യാപിക്കും. നേരത്തേ തുടങ്ങിയ ഹൈവേ പദ്ധതികളിൽ മാത്രമാണ് നിലവിൽ ചൈനീസ് പങ്കാളിത്തമുള്ളത്. ഇതിനും പുതിയ നയം ബാധകമാക്കി പുതിയ ടെൻ‌ഡറുകൾ വിളിക്കും. സാങ്കേതിക വിദ്യ,​ കൺസൾട്ടൻസി,​ ഡിസൈൻ മേഖലകളിലും ചൈനയെ അടുപ്പിക്കില്ല.

ഇന്ത്യൻ കമ്പനികൾ വരട്ടെ

വലിയ പദ്ധതികളിൽ ഇന്ത്യൻ കമ്പനികൾക്ക് യോഗ്യത നേടാനുള്ള സാങ്കേതിക,​ സാമ്പത്തിക മാദണ്ഡങ്ങൾ ഇളവ് ചെയ്യും. ഇതിനായി യോഗം വിളിക്കാൻ ഹൈവേസ് സെക്രട്ടറിയോടും നാഷണൽ ഹൈവേ അതോറിറ്റി ചെയർമാനോടും ആവശ്യപ്പെട്ടിട്ടുണ്ട്. വലിയ പദ്ധതികളുടെ കരാറുകൾ കിട്ടാൻ ഇനി ഇന്ത്യൻ കമ്പനികൾക്ക് വിദേശ കമ്പനികൾക്കൊപ്പം ചേരേണ്ടി വരില്ല.

സ്വയം പര്യാപ്തത ലക്ഷ്യം

സൂക്ഷ്മ,​ ചെറുകിട,​ ഇടത്തരം വ്യവസായ മേഖലയിൽ സ്വയം പര്യാപ്തതയാണ് ലക്ഷ്യമെങ്കിലും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിലും ചൈനക്കാരെ അടുപ്പിക്കില്ല. സാങ്കേതികവിദ്യ മെച്ചപ്പെടുത്താനും ഗവേഷണത്തിലും മറ്റും വിദേശ നിക്ഷേപം വേണ്ടിവന്നാലും ചൈനീസ് പങ്കാളിത്തം സ്വീകരിക്കില്ല. ചൈനയിൽ നിന്നുള്ള ഇറക്കുമതി നിരുത്സാഹപ്പെടുത്തും.

'ഒരു കരാറുകാരന് ഒരു ചെറിയ പദ്ധതിക്ക് യോഗ്യത നേടാമെങ്കിൽ അയാൾ ഒരു വലിയ പദ്ധതിക്കും യോഗ്യനായിരിക്കും.

--നിതിൻ ഗഡ്കരി കേന്ദ്രമന്ത്രി

4 - ജിക്ക് പുതിയ ടെൻഡർ

ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ എന്നിവയിൽ 4 - ജി നവീകരണത്തിന് ഹുവായ് ഉൾപ്പെട്ട ടെൻഡറാണ് ടെലികോം മന്ത്രാലയം റദ്ദാക്കിയത്. മേക്ക് ഇൻ ഇന്ത്യയിൽ സ്വദേശി ടെലികോം സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് മുൻതൂക്കം നൽകി പുതിയ നവീകരണ ടെൻഡർ വിളിക്കും. 4 - ജി നവീകരണത്തിന് ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് ഈ സ്ഥാപനങ്ങൾക്ക് നേരത്തേ നിർദ്ദേശം നൽകിയിരുന്നു. ഇന്ത്യയിലെ 5 ജി സേവനങ്ങളിലും ഹുവായ് നിക്ഷേപമിറക്കാൻ ഒരുങ്ങി നിൽക്കുകയായിരുന്നു. അതേസമയം, 4 - ജി സേവനങ്ങളിൽ നിന്ന് ചൈനയെ പൂർമായി ഒഴിവാക്കുക പ്രായോഗികമല്ലെന്നാണ് വിദഗ്ദ്ധാഭിപ്രായം. 4ജി സാങ്കേതിക ഉപകരണങ്ങളുടെ 75ശതമാനവും ഹുവായിയും ചൈനയിലെ തന്നെ ഇസഡ്.ടി.ഇയുമാണ് നൽകുന്നത്.