cm

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 151പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നും വന്ന 86 പേർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 51 പേർക്കും രോഗം സ്ഥിരീകരിച്ചു, സമ്പർക്കം വഴി 13 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.131 പേർ രോഗമുക്തരായി. കൊവിഡ് അവലോകനത്തിന് ശേഷം ചേർന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജില്ല തിരിച്ചുള്ള കണക്കിങ്ങനെ-

മലപ്പുറം-34, കണ്ണൂർ- 27, പാലക്കാട്- 17, തൃശൂർ-18, എറണാകുളം- 12, കാസർഗോഡ്- 10, ആലപ്പുഴ- 8, പത്തനംതിട്ട- 6, കോഴിക്കോട്- 6, തിരുവനന്തപുരം- 4, കൊല്ലം- 3, വയനാട്- 3 കോട്ടയം- 4 ഇടുക്കി- 1.

തുടർച്ചയായ പതിമൂന്നാം ദിവസമാണ് സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം നൂറ് കടക്കുന്നത്. 4593 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2130 പേർ ചികിത്സയിലുണ്ട്. 1,87,219 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 2831 പേർ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 290 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

1,81,780 പേരുടെ സാമ്പിളുകൾ പരിശോധിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇനി പരിശോധനാഫലം വരാനുള്ളത് 4042 പേരുടെതാണ്. സംസ്ഥാനത്ത് ആകെ 124 ഹോട്ട് സ്പോട്ടുകളാണുള്ളത്. പൊന്നാനിയിൽ ഉത്തരമേഖലാ ഐജിയുടെ നേതൃത്വത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമാക്കി. സാമൂഹിക അകലം പാലിക്കാത്തതിന് പൊന്നാനി താലൂക്കിൽ 16 കേസുകൾ രജിസ്റ്റർ ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് 5373 പേർക്കെതികെ കേസെടുത്തിട്ടുണ്ട്. ക്വാറന്റീൻ ലംഘനത്തിന് 15 പേർക്കെതിരെയും കേസ് എടുത്തതായി മുഖ്യമന്ത്രി വ്യക്തമാക്കി.

ഡോക്‌ടേഴ്‌സ് ഡേ ആയ ഇന്ന് ഡോക്‌ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സേവനങ്ങൾ എടുത്തുപറയാനും മുഖ്യമന്ത്രി മറന്നില്ല. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും വിശ്രമരഹിതമായ അദ്ധ്വാനമാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന്റെ അടിത്തറകളിലൊന്നെന്ന് അദ്ദേഹം പ്രസ്താവിച്ചു. ലോകത്തിന്റെ വിവിധ കോണുകളിൽ ജീവൻ വരെ ബലി കൊടുത്താണ് ആരോഗ്യ പ്രവർത്തകർ കൊവിഡിനെതിരെ പടപൊരുതുന്നത്. ലോക്ഡൗൺ പിൻവലിച്ചതിനെ തുടർന്ന് മറ്റു രാജ്യങ്ങളിൽനിന്നും സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ തിരികെയെത്തി തുടങ്ങിയതോടെ രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. എങ്കിലും സമ്പർക്ക രോഗികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധന ഇല്ലെന്നും മരണ നിരക്ക് വലുതായി വർദ്ധിച്ചിട്ടില്ല എന്നത് ആശ്വാസം നൽകുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വരും ദിവസങ്ങളിൽ കൂടുതൽ വെല്ലുവിളികളെ നേരിടേണ്ടിവന്നേക്കാം. ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും കൊവിഡ് വ്യാപനത്തെ ചെറുക്കാൻ മുന്നിൽ നിൽക്കുമെന്ന് ഉറപ്പുണ്ട്. നമ്മുടെ പൊതുജന ആരോഗ്യ സംവിധാനത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഡോക്ടർമാർ സ്തുത്യർഹമായ പങ്ക് വഹിക്കുന്നു. ലോകം ആദരിക്കുന്ന കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന്റെ കീർത്തിയുടെ വലിയൊരു പങ്കും ഡോക്ടർമാർക്ക് അവകാശപ്പെട്ടതാണ്. ഡോക്ടേഴ്സ് ദിനത്തിൽ കോവിഡിനെതിരെ പോരാടുന്ന ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.