അബുദാബി: യു.എ.ഇയിൽ തൊഴിൽ ചെയ്യുന്നവരിൽ എൺപത് ശതമാനത്തോളം പേർക്കും കൊവിഡ് കാലാനന്തരം വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാനാണ് ഇഷ്ടമെന്ന് സർവ്വേ റിപ്പോർട്ട്. റോബർട്ട് ഹാഫ് എന്ന ആഗോള തൊഴിൽനിയമന ഏജൻസി നടത്തിയ സർവ്വേയിലാണ് ഈ വിവരമുളളത്. സർവ്വേയിൽ പങ്കെടുത്ത 57 ശതമാനം പേർക്ക് യാത്രയിലൂടെയുളള ചിലവും,സമയവും ലാഭിക്കാമെന്നതാണ് ഈ താൽപര്യത്തിന് കാരണം. 49 ശതമാനം പേർ കൂടുതൽ ക്ഷമതയോടെ ജോലി ചെയ്യാൻ വീട്ടിലിരുന്നാൽ കഴിയുമെന്ന് അഭിപ്രായപ്പെടുന്നു.
എഴുപത് ശതമാനം ജോലിയുളളവരും സുരക്ഷയ്ക്കായി ഓഫീസുകൾ ജോലിക്രമത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്നു. മുൻപെങ്ങും പരിചിതമില്ലാത്ത ഈ പ്രതിസന്ധി കാലം ബിസിനസ് ഉടമകളെയും തൊഴിലാളികളെയും മാത്രമല്ല ജോലി സംസ്കാരത്തെ തന്നെ മാറ്റി മറിക്കുമെന്നാണ് ഏജൻസി അധികൃതർ കണ്ടെത്തിയത്. യുഎഇയിലെ 66 ശതമാനം ജനങ്ങൾക്ക് തങ്ങളുടെ തൊഴിൽ ഭാവിയെ കുറിച്ച് സംശയങ്ങളില്ല. എന്നാൽ അടുത്ത് തന്നെ തൊഴിൽ നഷ്ടമാകുമോ എന്ന ഭയമുളളവർ 53 ശതമാനമുണ്ട്. 20 കോടി ജനങ്ങൾക്ക് ലോകമാകെ തൊഴിൽ നഷ്‌ടമാകുമെന്നും 45 ലക്ഷം പേർക്ക് ഗൾഫിൽ തൊഴിൽ ഇല്ലാതാകുമെന്നും പഠനം പറയുന്നു.
മറ്റ് സഹപ്രവർത്തകരുമൊത്ത് അടുത്ത് ഇടപഴകി ജോലി ചെയ്യാൻ 67 ശതമാനം പേർക്കും ഭയമില്ല. എന്നാൽ അവർ ഷേക്‌ഹാന്റ് ഉൾപ്പടെയുളളത് താൽപര്യപ്പെടുന്നില്ല. രോഗത്തിന് ശേഷമുളള ഭാവി ആർക്കും അറിയില്ലെങ്കിലും പുതിയ രീതിയിൽ ജോലി ചെയ്യാൻ തൊഴിലാളികൾ തയ്യാർ തന്നെയാണ്.