1943 ഒക്ടോബർ 16; രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയം. ഇറ്റലിയിലാണ് സംഭവം നടക്കുന്നത്. നാസി ഭീകരതയിൽ നടുങ്ങിയിരിക്കുകയാണ് ലോകം. ആയിരക്കണക്കിന് ജൂത വംശജർ ഭീതിയുടെ നിഴലിലാണ് കഴിഞ്ഞത്. റോമിലെ ടൈബർ നദിക്കരയ്ക്ക് സമീപം ജൂത വംശജർ തിങ്ങിപ്പാർക്കുന്ന ഒരു ചേരി പ്രദേശത്തേക്ക് ജർമൻ പട്ടാളക്കാർ ഇരച്ചു കയറി. ജർമൻകാരുടെ പിടിയിലകപ്പെട്ടാൽ ജൂത വംശജർക്ക് എന്താണ് അന്ന് സംഭവിക്കുക എന്ന് ഊഹിക്കാമല്ലോ. എങ്ങനെയൊക്കെയോ അവിടെ നിന്നും രക്ഷപ്പെട്ട കുറച്ച് ജൂത വംശജർ റോമിലെ ഫാറ്റെബെനെഫ്രാറ്റെലി ആശുപത്രിയിലേക്ക് അഭയംതേടി. ജൂതന്മാരെ രക്ഷിക്കാൻ അവിടെ കുറേ മനുഷ്യസ്നേഹികളായ ഡോക്ടർമാർ ഉണ്ടായിരുന്നു. ആരെയും വകവയ്ക്കാത്ത നാസി പടയാളികളുടെ കൈയ്യിൽ നിന്നും ജൂതന്മാരെ രക്ഷിക്കാൻ ധൈര്യം കാണിച്ച ഒരു കൂട്ടം ഡോക്ടർമാരുടെയും അവർ നിർമിച്ച ' സിൻഡ്രോം കെ ' എന്ന വ്യാജരോഗത്തിന്റെയും കഥയിലൂടെ.
രക്ഷിച്ചത് ' സിൻഡ്രോം കെ '
1585ൽ സ്ഥാപിതമായതാണ് ഫാറ്റെബെനെഫ്രാറ്റെലി ആശുപത്രി. ഇപ്പോഴും റോമിൽ ടൈബർ നദിക്കരയിൽ ഈ ആശുപത്രി പ്രവർത്തിക്കുന്നുണ്ട്.
ഇവിടുത്തെ ഡോക്ടർമാരായ വിറ്റോറിയോ സാസിർഡോറ്റി, ജിയോവനി ബൊറോമിയോ എന്നിവരാണ് രണ്ടാം ലോക മഹായുദ്ധകാലത്ത് ജൂത വംശജർക്ക് അഭയം നൽകാൻ നേതൃത്വം നൽകിയവർ. വിറ്റോറിയോ സാസിർഡോറ്റി ശരിക്കും ജൂത വംശജനായിരുന്നു. ഇറ്റലിയിൽ ആ സമയം ജൂതവിരുദ്ധമായ നിയമങ്ങളാണ് നിലനിന്നിരുന്നത്. അതുകൊണ്ട് തന്നെ ആശുപത്രി അധികൃതരുടെ അറിവോടെ ജൂതനാണെന്ന വിവരം മറച്ച് വച്ചു കൊണ്ടാണ് വിറ്റോറിയോ സാസിർഡോറ്റി തന്റെ സേവനം ആരംഭിച്ചത്. തന്നാൽ കഴിയുന്ന ജൂതവംശജരെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് വിറ്റോറിയോ തന്റെ മനസിൽ കുറിച്ചിട്ടിരുന്നു. അങ്ങനെയിരിക്കെ, വിറ്റോറിയോയുടെ നേതൃത്വത്തിൽ റോമിലെ ജൂത ആശുപത്രികളിൽ നിന്നും രോഗികളെ ഫാറ്റെബെനെഫ്രാറ്റെലി ആശുപത്രിയിലേക്ക് എത്തിക്കാൻ തുടങ്ങി. സുരക്ഷിത സ്ഥാനം കണ്ടെത്തുന്നത് വരെ ജൂതന്മാർക്ക് ആശുപത്രി അഭയം നൽകി.
ജർമൻ സൈന്യം ടൈബർ നദിക്കരയിൽ റെയ്ഡ് നടത്തിയപ്പോഴും രക്ഷപ്പെട്ട ജൂതന്മാർക്ക് വിറ്റോറിയോ ഉൾപ്പെടെയുള്ള ഡോക്ടർമാർ ആശുപത്രിയിൽ അഭയം നൽകി.
ജർമൻ സൈന്യത്തിൽ നിന്നും ആശുപത്രിയിലെ ജൂത രോഗികളെ രക്ഷിക്കാൻ ഡോക്ടർമാർ ഒരു മാർഗവും കണ്ടെത്തി. ' സിൻഡ്രോം കെ ' എന്നായിരുന്നു അതിന്റെ പേര്. തങ്ങളുടെ ആശുപത്രിയിലെ ഡസൻ കണക്കിന് രോഗികൾക്ക് സിൻഡ്രോം കെ എന്ന മാരക വൈറസ് ബാധയുള്ളതായി പട്ടാളക്കാരോട് ഈ ഡോക്ടർമാർ പറഞ്ഞു. വളരെ വേഗത്തിൽ തന്നെ പടർന്നുപിടിക്കുന്ന രോഗമായതിനാൽ അവർ ക്വാറന്റൈനിൽ കഴിയണമെന്നും അല്ലാത്ത പക്ഷം ഇതൊരു മഹാമാരിയായി ഭവിക്കുമെന്നും ജർമൻ പട്ടാളക്കാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഫാറ്റെബെനെഫ്രാറ്റെലി ആശുപത്രിയിലെ തന്നെ ഡോക്ടറായ ആഡ്രിയാനോ ഓസിസിനിയാണ് സിൻഡ്രോം കെ എന്ന പേര് ഈ വ്യാജ രോഗത്തിന് നിർദ്ദേശിച്ചത്. ശരിക്കും ആശുപത്രിയിലെ സ്റ്റാഫുകൾക്ക് വേണ്ടിയുള്ള ഒരു കോഡ് വാക്കായിരുന്നു അത്. ആശുപത്രിയിൽ കഴിഞ്ഞിരുന്ന യഥാർത്ഥ രോഗികളിൽ നിന്നും ജൂത അഭയാർത്ഥികളെ തിരിച്ചറിയാനായി അവരുടെ രേഖകളിൽ ചേർത്തത് ' സിൻഡ്രോം കെ ' എന്നായിരുന്നു.
ഹെർബെർട്ട് കാപ്ലർ, ആൽബർട്ട് കെസൽറിംഗ് എന്നീ ജർമൻ പട്ടാള ഉദ്യോഗസ്ഥരുടെ പേരിലെ ' കെ ' ആണ് സിൻഡ്രോം കെയിലെ ' കെ ' യ്ക്ക് പ്രചോദനമായത്. ഹൃദയാഘാതം, മറവി തുടങ്ങിയ ലക്ഷണങ്ങളോടെ രോഗി ഒടുവിൽ ശ്വാസം മുട്ടി മരിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കുട്ടികളടക്കമുള്ള ജൂതവംശജർ വ്യാജ ചുമയും അവശതയും അഭിനയിച്ചതോടെ രോഗം തങ്ങളിലേക്ക് പടരുമോ എന്ന് പേടിച്ച് ജർമൻ സൈനികർ ഡോക്ടർമാർ പറഞ്ഞത് പോലെ അവരെ ആശുപത്രിയിൽ ക്വാറന്റൈനിൽ തുടരുന്നതിന് അനുവദിച്ചു.
ഇങ്ങനെ നിരവധി ജൂതന്മാർക്ക് ആശുപത്രി അധികൃതർ സുരക്ഷിതമായ ഒളിത്താവളം കണ്ടെത്തി രക്ഷപ്പെടാൻ സഹായിച്ചു. ഒടുവിൽ 1944 മേയിൽ ആശുപത്രിയിൽ ജർമൻ സൈന്യം പരിശോധന നടത്തുകയും പോളണ്ടിൽ നിന്നുള്ള അഞ്ച് ജൂതന്മാരെ പിടികൂടുകയും ചെയ്തു. ഇതിനൊടകം തന്നെ 100 കണക്കിന് ജൂതന്മാർ രക്ഷപ്പെട്ടുകഴിഞ്ഞിരുന്നു.
തങ്ങളാൽ കഴിയും വിധം മനുഷ്യജീവൻ രക്ഷിക്കാൻ ശ്രമിച്ച ഈ ഡോക്ടർമാരെ പറ്റിയും സിൻഡ്രോം കെ എന്ന ' വ്യാജ രോഗ'ത്തെ പറ്റിയും 60 ലേറെ വർഷങ്ങൾക്ക് ശേഷമാണ് ലോകം അറിയുന്നത് പോലും.