share-chat-

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനമായ 'മൈ ഗവ് ഇന്ത്യ', ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റില്‍ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചു. കോവിഡ് 19 വ്യാപനം സംബന്ധിച്ച് ദേശീയ തലത്തിലെ വിവരങ്ങള്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനമാണ് 'മൈ ഗവ് ഇന്ത്യ'. ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ ഷെയര്‍ ചാറ്റിന് പ്രാധാന്യം കൂടുകയാണ്.15 ഇന്ത്യന്‍ ഭാഷകളിലായി 60 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ഷെയര്‍ ചാറ്റിനുള്ളത്. കൊവിഡിനെ കുറിച്ചുള്ള ഏറ്റവും പുതിയ യഥാര്‍ഥ വിവരങ്ങള്‍ പങ്കിടാനും സംവദിക്കാനും 'മൈ ഗവ് ഇന്ത്യ'ക്ക് കഴിയും.

ദേശീയ സുരക്ഷ ലംഘനം, പൗരന്‍മാരുടെ സ്വകാര്യത ലംഘനം തുടങ്ങിയവ കാരണം തിങ്കളാഴ്ച 59 ചൈനീസ് ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള ഇന്ത്യന്‍ നിര്‍മിത ആപിലേക്കുള്ള 'മൈ ഗവ് ഇന്ത്യ'യുടെ പ്രവേശനത്തെ ഷെയര്‍ചാറ്റ് സ്വാഗതം ചെയ്തു. ദേശീയ സുരക്ഷാ ലംഘനമുള്ള പ്ലാറ്റ്ഫോമുകള്‍ക്കെതിരായ സര്‍ക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നതായും ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ് മേഖലക്ക് സര്‍ക്കാര്‍ പിന്തുണ തുടരുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും ഷെയര്‍ചാറ്റ് പബ്ലിക് പോളിസി ഡയറക്ടര്‍ പറഞ്ഞു.കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ആരോഗ്യസേതു ആപിനെ മികച്ച രീതിയില്‍ പ്രോത്സാഹിപ്പിക്കാന്‍ ഷെയര്‍ചാറ്റിന് കഴിഞ്ഞിരുന്നു. ആപിനെ കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുന്നതിന് 50 ദശലക്ഷം രൂപയുടെ പരസ്യ ക്രെഡിറ്റുകളും സംഭാവന ചെയ്തു.പ്രതിമാസം ഒരു ബില്ല്യണ്‍ വാട്ട്സ്ആപ് ഷെയറുകളാണ് ഷെയര്‍ചാറ്റിന് ലഭിക്കുന്നത്.