
കാഠ്മണ്ഡു: രാജ്യത്തെ ചില നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്നെ പുറത്താക്കാൻ ശ്രമിച്ചതായുള്ള നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ രാജിക്കായി സ്വന്തം പാർട്ടിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് സമ്മർദ്ദമേറുന്നു. ഒലി ആരോപണം തെളിയിക്കുകയോ രാജിവയ്ക്കുകയോ വേണമെന്ന് മൂന്ന് മുൻ പ്രധാനമന്ത്രിമാർ ഉൾപ്പടെയുള്ള പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു.
പാർട്ടിയുടെ സ്റ്റാൻഡിംഗ് കമ്മിറ്റിയിലാണ് ഒലിക്കെതിരെ നേതാക്കൾ ആഞ്ഞടിച്ചത്. ഒലി തികഞ്ഞ പരാജയമായതിനാൽ രാജിവയ്ക്കണമെന്ന് മുൻ പ്രധാനമന്ത്രിമാരായ പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, മാധവ് കുമാർ നേപ്പാൾ, ഝൽനാഥ് ഖനാൽ തുടങ്ങിയ നേതാക്കൾ ആവശ്യപ്പെട്ടു. ഇന്ത്യ ഗൂഢാലോചന നടത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയപരമായും നയതന്ത്രപരമായും ശരിയല്ലെന്ന് യോഗത്തിന്റെ തുടക്കത്തിൽ തന്നെ പ്രചണ്ഡ പറഞ്ഞു. 'ഇന്ത്യയല്ല, ഞാൻ തന്നെ നിങ്ങളുടെ രാജി ആവശ്യപ്പെടുന്നു. നിരുത്തരവാദപരമായ അത്തരം പരാമർശങ്ങൾക്ക് നിങ്ങൾ തെളിവ് നൽകണം' പ്രചണ്ഡ ഒലിയോട് പറഞ്ഞു.
പിന്തുണയുമായി ഇമ്രാൻ ഖാൻ
സ്വന്തം പാർട്ടിയിൽ ഒറ്റപ്പെട്ട ശർമ്മ ഒലിക്ക് പിന്തുണയുമായി പാകിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻ ഖാൻ. അധികാരം നിലനിറുത്താനുള്ള അവസാന ശ്രമങ്ങൾ ശർമ ഒലി നടത്തുന്നതിനിടെയാണ് പിന്തുണ അറിയിച്ച് ഇമ്രാൻ രംഗത്തെത്തിയിട്ടുള്ളത്. നേപ്പാൾ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാന്റെ ഓഫീസ് ശർമ ഒലിയുമായി ഇമ്രാൻ സംസാരിക്കുന്നതിനുള്ള അനുമതി തേടിയെന്നാണ് പുറത്തുവരുന്ന വിവരം.