പാരീസ് : ഫ്രഞ്ച് വിപ്ലവകാലത്ത് ഗില്ലറ്റിൻ ഉപയോഗിച്ച് ശിരച്ഛേദം ചെയ്യപ്പെട്ട 500 ഓളം പേരുടെ മൃതദേഹാവശിഷ്ടങ്ങൾ പാരീസിലെ ഒരു സ്മാരകത്തിന്റെ ഭിത്തികൾക്കുള്ളിലുണ്ടാകാമെന്ന് കണ്ടെത്തൽ. ഫ്രഞ്ച് ചക്രവർത്തിയായിരുന്ന ലൂയി 16ാമന്റെയും പത്നി മേരി ആന്റൊനെറ്റിന്റെയും സ്മാരകമായ എക്സ്പിയറ്ററി ചാപ്പലിന്റെ ഭിത്തിയിലെ വിടവുകളിൽ മനുഷ്യ അസ്ഥികൾ കണ്ടെത്തിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് പുതിയ നിഗമനം.
സ്മാരകത്തിന്റെ ഭിത്തികളിൽ അസ്വഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഫിലിപ്പ് ചാർലിയർ എന്ന പുരാവസ്തു ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചുവരുകൾക്കുള്ളിൽ മനുഷ്യന്റെ അസ്ഥികളുള്ളതായി കണ്ടെത്തിയത്. ഭിത്തിയിലെ വിള്ളലുകളിലും മറ്റും പ്രത്യേക ക്യാമറ കടത്തിവിട്ടായിരുന്നു ചാർലിയറുടെ നിരീക്ഷണം. കൂറ്റൻ ഭിത്തിയുടെ ഒരു ഭാഗത്ത് മനുഷ്യന്റെ അസ്ഥികൾ അടക്കം ചെയ്ത നാല് പെട്ടികൾ മറഞ്ഞിരിക്കുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു.
ഫ്രഞ്ച് വിപ്ലവകാലത്ത് കുറ്റവാളികളായി വിധിക്കപ്പെട്ടവരെ ശിരച്ഛേധത്തിലൂടെ വധിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണമായിരുന്നു ഗില്ലറ്റിൻ.
ലൂയി 16ാമനെയും പത്നി മേരി ആന്റൊനെറ്റിനെയും ഗില്ലറ്റിന് വിധേയമാക്കിയ പ്രദേശത്താണ് സ്മാരകം സ്ഥിതി ചെയ്യുന്നത്. 1815ൽ ആരംഭിച്ച സ്മാരകത്തിന്റെ നിർമാണം 1826ലാണ് പൂർത്തിയായത്. ഫ്രഞ്ച് വിപ്ലവകാലത്ത് ഗില്ലറ്റിനാൽ കൊല്ലപ്പെട്ട 500 ഓളം പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്ന ഒരു സെമിത്തേരി സ്മാരകത്തിന്റെ നിർമാണത്തിന് മുമ്പ് ഇവിടെ സ്ഥിതി ചെയ്തിരുന്നതായി രേഖകളിൽ പറയുന്നു. എന്നാൽ സ്മാരക നിർമാണം തുടങ്ങിയതോടെ ഇവിടുത്തെ മൃതദേഹാവശിഷ്ടങ്ങൾ പാരീസിലെ ഭൂഗർഭ കല്ലറകളിലേക്ക് മാറ്റിയതായാണ് പറയപ്പെടുന്നത്.
ലൂയി 16ാമന്റെയും പത്നി മേരി ആന്റൊനെറ്റിന്റെയും മൃതശരീരങ്ങൾ സംസ്കരിച്ചത് ഇവിടെയായിരുന്നെങ്കിലും 1815ൽ തന്നെ വടക്കൻ പാരീസിലുള്ള സെന്റി ഡെനിസ് ബസലിക്കയിലേക്ക് മാറ്റിയിരുന്നു.
ഏതായാലും സ്മാരകത്തിന്റെ ഭിത്തിയിൽ അസ്ഥികൾ കണ്ടെത്തിയതോടെ ഗില്ലറ്റിന് വിധേയമായ 500 പേരുടെ മൃതദേഹാവശിഷ്ടങ്ങൾക്ക് ശരിക്കും എന്താണ് സംഭവിച്ചത് എന്ന ചോദ്യമുയരുകയാണ്.