ബാഴ്സലോണയെ 2-2ന് അത്‌ലറ്റിക്കോ
മാഡ്രിഡ് സമനിലയിൽ തളച്ചു
ലോക്ക് ഡൗണിന് ശേഷമുള്ള ബാഴ്സയുടെ
മൂന്നാം സമനില, കിരീടസാധ്യത മങ്ങി
മാഡ്രിഡ് : ലോക്ക് ഡൗണിന് ശേഷമുള്ള മൂന്നാമത്തെ സമനിലയും വഴങ്ങിയതോടെ ഇക്കുറി സ്പാനിഷ് ലാലിഗ കിരീടം നിലനിറുത്താമെന്ന ബാഴ്സലോണയുടെ മോഹത്തിന് സാരമായ തിരിച്ചടിയേറ്റു.
കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡ് 2-2 നാണ് ബാഴ്സലോണയെ തളച്ചത്. ആദ്യപകുതിയിൽ ഇരുടീമുകളും 1-1ന് സമനിലയിലായിരുന്നു. ലോക്ക് ഡൗണിന് മുമ്പ് പോയിന്റ് പട്ടികയിൽ മുന്നിലായിരുന്ന ബാഴ്സലോണ ഇടവേള കഴിഞ്ഞെത്തി സെവിയ്യ, സെൽറ്റ ഡി വിഗോ എന്നിവരുമായും സമനിലയിൽ കുരുങ്ങിയിരുന്നു.
ബാഴ്സലോണ അത്‌ലറ്റിക്കോ മാഡ്രിഡ് മത്സരം സമനിലയിലായതോടെ റയൽ മാഡ്രിഡിന് ഒരു പോയിന്റ് ലീഡായി. പക്ഷേ ബാഴ്സലോണയെക്കാൾ ഒരു മത്സരം കുറവുള്ളതിനാൽ അടുത്ത മത്സരത്തിലെ വിജയത്തോടെ റയലിന് നാല് പോയിന്റ് ലീഡിലെത്താം.
മൂന്ന് പെനാൽറ്റി, ഒരു സെൽഫ്
ഇൗ മത്സരത്തിൽ പിറന്ന മൂന്ന് ഗോളുകളും പെനാൽറ്റി വഴിയായിരുന്നു. ഒന്ന് സെൽഫ് ഗോളും.
11-ാം മിനിട്ടിൽ ഡീഗോ കോസ്റ്റയുടെ സെൽഫ് ഗോളിലൂടെയാണ് ബാഴ്സലോണ മുന്നിലെത്തിയത്.
19-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി കിക്ക് ഗോളാക്കി സൗൾ നിഗ്വേസ് കളി സമനിലയിലാക്കി.
50-ാം മിനിട്ടിൽ ബാഴ്സലോണയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി കിക്ക് ഗോളാക്കി മെസി ലീഡ് തിരികെപ്പിടിച്ചു.
62-ാം മിനിട്ടിൽ മത്സരത്തിലെ തന്റെ രണ്ടാം പെനാൽറ്റി കിക്കും വലയിലെത്തിച്ച് സൗൾ മത്സരത്തിന്റെ വിധി കുറിച്ചു.
മെസി 700
ബാഴ്സലോണയുടെ അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസി പ്രൊഫഷണൽ കരിയറിൽ 700 ഗോളുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഗോൾ കണ്ടെത്താൻ കഴിയാതിരുന്ന മെസി പെനാൽറ്റി പനേങ്ക കിക്കിലൂടെ ചിപ്പ് ചെയ്ത് വലയിലെത്തിച്ചാണ് 700-ാം ഗോൾ ആഘോഷിച്ചത്. എന്നാൽ മത്സരം വിജയിക്കാനാകാത്തത് മെസിയെ നിരാശനാക്കിയിരുന്നു.