ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കൊവിഡ് പരിശോധന കൂട്ടാനൊരുങ്ങി കേന്ദ്രസർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാർഗ നിർദേശത്തിലാണ് സ്വകാര്യ ലാബുകളുടെ അടക്കം മുഴുവൻ ശേഷിയും ഉപയോഗിച്ച് പരിശോധനകൾ വർദ്ധിപ്പിക്കണമെന്ന് വ്യക്തമാക്കുന്നത്. ആർ.ടി -പി.സി.ആർ ടെസ്റ്റുകൾക്കൊപ്പം ദ്രുത ആന്റിജെൻ പരിശോധനകളും ഉപയോഗപ്പെടുത്തണമെന്നും ആരോഗ്യമന്ത്രാലയവും ഐ.സി.എം.ആറും വ്യക്തമാക്കുന്നു.
കൊവിഡ് പരിശോധനയ്ക്ക് കുറിപ്പടി നൽകാൻ സ്വകാര്യ ഡോക്ടർമാരെയും അനുവദിക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്. പരിശോധനകൾക്കായി സർക്കാർ ഡോക്ടർമർ തന്നെ കുറിപ്പടി നൽകണമെന്നതായിരുന്നു പല സംസ്ഥാനങ്ങളും നടപ്പിലാക്കി വന്നത്. എന്നാൽ സ്വകാര്യ ആശുപത്രികളിലെ അടക്കം മുഴുവൻ ഡോക്ടർമാർക്കും പരിശോധനയ്ക്കുള്ള കുറിപ്പടി നൽകാമെന്ന് പുതിയ മാർഗനിർദേശത്തിൽ പറയുന്നു.