തിരുവനന്തപുരം: കൊവിഡ് എന്ന് സംശയിക്കുന്ന രോഗികളെ ആശുപത്രിയിൽ അടിയന്തിരമായി എത്തിച്ച് ചികിത്സ തുടങ്ങുവാനുള്ള സംസ്ഥാന സർക്കാരിന്റെ സർജ് പ്ലാൻ ഒരു വിഭാഗം ഡോക്ടർമാർ അവഗണിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ എന്താണ് സർജ് പ്ലാൻ എന്ന് വിശദീകരിച്ച് മണിക്കൂറുകൾക്കകം തലസ്ഥാന നഗരത്തിൽ ആംബുലൻസോ ചികിത്സയോ കിട്ടാതെ വലഞ്ഞത് നാല് രോഗികളാണ്. ഇവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് തേടി പൊലീസ് പട്രോളിംഗ് സംഘം മണിക്കൂറുകളോളം നഗരം ചുറ്റുകയായിരുന്നു.
കണ്ടെയിൻമെന്റ് സോണിലേതടക്കം രോഗികളുടെ എണ്ണം പെരുകുന്ന സ്ഥിതി വിശേഷം ഉണ്ടായാൽ രോഗികളെ ആശുപത്രിയിൽ കൊണ്ട് വരുന്നത് മുതൽ ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നത് വരെയുള്ള വിശദമായ പ്ലാൻ ആണ് സർജ് പ്ലാൻ. പക്ഷെ കൊവിഡ് സംശയമുണ്ടായി ഗുരുതരാവസ്ഥയിലായ നാല് രോഗികൾക്ക് ഇതിൽ ആദ്യഘട്ടം ആയ ആശുപത്രിയിൽ സമയത്ത് എത്തിക്കുക എന്ന നടപടി പോലും ഉണ്ടായില്ല എന്നതാണ് കഷ്ടം. അതും അന്താരാഷ്ട്ര ഡോക്‌ടേഴ്സ് ഡേയുടെ അന്നുതന്നെ. ഒടുവിൽ പൊലീസ് പട്രോളിംഗ് ടീം വേണ്ടി വന്നു ഈ രോഗികളെ അതാതു ആശുപത്രികളിലെത്തിക്കാൻ.
തിരുവനന്തപുരത്തെ കുടപ്പനകുന്നിൽ പ്രവാസിയുടെ വീട്ടിൽ രാത്രി ഒമ്പതരയോടെ പൊലീസ് പട്രോളിംഗ് സംഘം എത്തിയത് അവിടത്തെ വീട്ടു ജോലിക്കാരൻ അത്യാസന്ന നിലയിൽ എന്ന് വിളിച്ച് അറിയിച്ചതിനെ തുടർന്നാണ്. രോഗാവസ്ഥ ബോദ്ധ്യപ്പെട്ടതോടെ കൺട്രോൾ റൂമിൽ നിന്നും കിട്ടിയ നിർദേശം അനുസരിച്ച് പട്രോളിംഗ് സംഘം കൊവിഡ് കൺട്രോളിംഗ് റൂമിൽ വിവരമറിയിച്ചു. അവിടെ നിന്നും നൽകിയ നമ്പറിൽ പേരൂർക്കട ആശുപത്രിയിലെ കൊവിഡ് കൺട്രോൾ ചുമതലയുള്ള വനിതാ ഡോക്ടറെ വിവരം അറിയിച്ചെങ്കിലും ലഭിച്ച മറുപടി തനിക്കല്ല ചുമതല എന്നായിരുന്നു.
അവർ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിൽ പട്രോളിംഗ് സംഘം കൊവിഡ് കൺട്രോൾ റൂമിൽ ബന്ധപ്പെട്ടപ്പോൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ വാഹനം അയക്കാൻ സാധിക്കില്ല എന്നാണ് ലഭിച്ച മറുപടി. ഇതോടെ പൊലീസ് സംഘം വനിതാ ഡോക്ടറെ വീണ്ടും വിളിച്ചപ്പോൾ മറ്റ് രണ്ടു ഡോക്ടർമാരുടെ നമ്പർ നൽകി തടിയൂരുകയായിരുന്നു.
24 മണിക്കൂർ കൊവിഡ് നിരീക്ഷണം നടത്തേണ്ട ആ രണ്ട് നോഡൽ ഓഫീസർമാരുടെ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് പട്രോളിംഗ് സംഘം സ്വകാര്യ ആംബുലൻസ് വിളിച്ച് വരുത്തി രാത്രി പന്ത്രണ്ടരയോടെ രോഗിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തൊട്ടു പിന്നാലെയാണ് പുലർച്ചെ ഒരു മണിയോടെ മുട്ടത്തറയിൽ താമസിക്കുന്ന ആട്ടോ ഡ്രൈവർ ആയ അച്ഛനും മകനും തമിഴ്നാട്ടിൽ നിന്നും വന്ന ബന്ധുവിനും ഒരേ സമയം ശ്വാസം മുട്ടൽ അനുഭവപ്പെടുന്നതായി കൺട്രോൾ റൂമിൽ സഹായാഭ്യർത്ഥന എത്തിയത്. പക്ഷെ അവിടെ നിന്നും കൊവിഡ് കൺട്രോൾ റൂമിലേക്ക് ആംബുലൻസിനായി ആവശ്യപ്പെട്ടെങ്കിലും ലഭിച്ച മറുപടി ഡോക്ടറെ ഫോണിൽ ലഭിക്കുന്നില്ലയെന്നായിരുന്നു.
ഒടുവിൽ ഫോൺ ഓഫാക്കി വച്ച ഡോക്ടർമാരുടെ വീടുകളിൽ ചെന്ന് വിളിക്കാൻ രാത്രി കൺട്രോൾ റൂം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥൻ പട്രോളിംഗ് സംഘത്തിന് നിർദേശം നൽകുകയായിരുന്നു. മുട്ടത്തറയിലും ഒടുവിൽ പൊലീസ് ഇടപെട്ടു മൂന്നു പേരെയും മെഡിക്കൽ കോളേജിൽ കൊണ്ടെത്തിച്ചു. കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാനുള്ള ചുമതല പൊലീസുകാർക്കാണെന്ന് മുഖ്യമന്ത്രിയുടെ സർജ് പ്ലാനിൽ പറഞ്ഞിട്ടില്ല. എന്നിട്ടും വിലപ്പെട്ട ഡ്യൂട്ടി സമയം മുഴുവൻ കൊവിഡ് രോഗികളെ ആശുപത്രികളിലെത്തിക്കാൻ ആംബുലൻസ് തേടിയലഞ്ഞത് പൊലീസ് പട്രോളിംഗ് സംഘം.
മുഖ്യമന്ത്രി കൊണ്ടു വന്ന സർജ് പ്ലാനിനെ ആരോഗ്യ വകുപ്പിലെ കൊവിഡ് നോഡൽ ഓഫീസർമാരായ ഒരു സംഘം ഡോക്ടർമാർ തന്നെ തഴയുന്നു എന്ന് വ്യക്തം. പകൽസമയത്തെ തിരക്കുകൾ കാരണം പലപ്പോഴും അർദ്ധ രാത്രി സമയങ്ങളിൽ കൊവിഡ് രോഗികളെ പരിശോധിക്കാൻ നോഡൽ ഡോക്ടർമാരെ ലഭിച്ചെന്നു വരില്ല എന്നായിരുന്നു കൊവിഡ് കൺട്രോൾ റൂമിലെ പ്രമുഖ ഉദ്യോഗസ്ഥന്റെ പ്രതികരണം. ഡോക്ടറുടെ അനുമതിയില്ലാതെ രോഗിയെ കോവിഡ് പരിശോധനക്കായി ആശുപത്രിയിൽ അയക്കുവാൻ ആംബുലൻസ് നൽകാനാകില്ലെന്നാണ് ചട്ടമെന്നും ഉദ്യോഗസ്ഥർ ന്യായീകരിക്കുന്നു. അവശ്യ സർവീസായ പൊലീസിന് പക്ഷെ ഇതൊന്നും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നതാണ് വസ്തുത.