മുംബയ്: കേരളത്തിലെ പോലെ തന്നെ ലോക്ക്ഡൗൺ കാലഘട്ടത്തിൽ അമിത വൈദ്യുതി നിരക്കാണ് മുംബയിലെ സാധാരണക്കാരായ ജനങ്ങളുടെ മേൽ ചുമത്തിയത്. സാധാരണ വരുന്ന ബിൽ തുകയുടെ നാലും അഞ്ചും ഇരട്ടി ബിൽ തുക വന്നതോടെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. നടി കാർത്തിക ഉൾപ്പെടെ നിരവധി പ്രമുഖർ ഈ നടപടിക്കെതിരെ രംഗത്ത് വന്നതോടെ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് അദാനി ഇലക്ട്രിസിറ്റി മുംബയ് ലിമിറ്റഡ്.
ഉയർന്ന വൈദ്യുതി ബില്ലുകൾ തവണകളായി അടയ്ക്കുന്നതിനായി ഇഎംഐ ഓപ്ഷനാണ് പ്രധാനമായും അദാനി ഗ്രൂപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ സാധാരണക്കാരന് സാവധാനം ബിൽ തുക അടച്ചു തീർക്കാം. ക്രേഡിറ്റ് കാർഡ് വഴി ബിൽ തുക അടയ്ക്കാനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താവിന്റെ ആവലാതികൾ പരിഹരിക്കുന്നതുവരെ കുടിശ്ശിക അടയ്ക്കാത്തതിനാൽ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.
മുംബയിൽ അമിത വൈദ്യുതി ബില്ലുകൾ ഉണ്ടെന്ന് നിരവധി ഉപഭോക്താക്കൾ പരാതിപ്പെട്ടതിനെത്തുടർന്ന് വൈദ്യുതി ബിൽ കൂടാനുളള കാരണങ്ങളും പരിഹാരമാർഗങ്ങളും കമ്പനി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. ലോക്ക്ഡൗണായതിനാൽ ജനങ്ങൾ കൂടുതൽ സമയം വീടുകളിൽ ചിലവഴിച്ചു, ചിലർ വീടുകളിൽ തന്നെ ജോലി ചെയുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഈ കാരണത്താൽ തന്നെ വൈദ്യുതി ഉപയോഗത്തിന് സാധാരണ നിലയിൽ നിന്ന് വർദ്ധനവ് ഉണ്ടായിരിക്കാം,ഇതിനാലാകാം ബിൽ തുക കൂടിയതെന്നാണ് അദാനി ഇലക്ട്രിസിറ്റി വ്യക്തമാക്കുന്നത്. വൈദ്യുതി ഉപയോഗത്തിനും പണമടയ്ക്കൽ എളുപ്പമാക്കുന്നതിനും വേണ്ടി ചില പദ്ധതികളും അദാനി ഗ്രൂപ്പ് മുന്നോട്ട് വച്ചിട്ടുണ്ട്.
മുംബയിൽ ലോക്ക്ഡൗൺ ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട് ഇതിനാൽ തന്നെ വൈദ്യുതി ഉപയോഗം ഇനിയും കൂടിയേക്കാം.ഉയർന്ന വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാരും റെഗുലേറ്ററി ബോഡിയും നൽകിയ വ്യക്തതകൾക്ക് പുറമേ ഇ-ബിൽ സൗകര്യങ്ങൾ, ഒന്നിലധികം ഡിജിറ്റൽ പേയ്‌മെന്റ് മോഡുകൾ, ഇഎംഐ സൗകര്യം എന്നിവ ഉൾപ്പെടെ വിവിധ സംരംഭങ്ങൾ അദാനി ഇലക്ട്രിസിറ്റി പ്രഖ്യാപിച്ചു.ഇത്തരം പ്രധാപ്പെട്ട വിവരങ്ങൾ ഉപഭോക്താവുമായി എസ്എംഎസ്, ഇമെയിൽ, വാട്ട്‌സ്ആപ്പ് വഴി പങ്കുവയ്ക്കും. വെബ്സൈറ്റിലൂടെ ഉപയോഗിക്കുന്ന യൂണിറ്റുകളുടെ കൃത്യമായ കണക്ക് ഉപഭോക്താവിന് അറിയാൻ സാധിക്കും. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായുള്ള താരതമ്യവും ബില്ലിൽ ലഭ്യമാണ്.