തിരുവല്ല: കേരളത്തെ നടുക്കിയ കൊലപാതകമായ കരിക്കൻവില്ല കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ ഗൗരിയമ്മ(98) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു ഗൗരിയമ്മ. 1980ലാണ് കരിക്കൻവില്ല കൊലപാതകം നടന്നത്.
വീട്ടുജോലിക്കായായിരുന്നു കരിക്കന്‍ വില്ലയിൽ ഗൗരിയമ്മ എത്തിയത്. വിദേശത്തെ ജോലിയില്‍നിന്ന് വിരമിച്ചശേഷം വിശ്രമജീവിതം നയിക്കുകയായിരുന്ന അറുപത്തിനാലുകാരന്‍ ജോര്‍ജും അറുപതുകാരിയായ ഭാര്യ റേച്ചലുമായിരുന്നു കരിക്കന്‍ വില്ലയിലെ താമസക്കാര്‍. ദീർഘകാലം കുവൈറ്റിലായിരുന്നു ജോർജും റേച്ചലും. ഇവർക്ക് പുറംലോകവുമായി വലിയ ബന്ധം ഉണ്ടായിരുന്നില്ല. 1980 ഒക്ടോബർ ആറിന് വീട്ടിൽ ജോലിക്കെത്തിയപ്പോഴാണ് ഗൗരിയമ്മ ഇരുവരെയും വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
രക്തത്തില്‍ കുളിച്ചുകിടക്കുന്ന ദമ്പതിമാരുടെ മൃതദേഹങ്ങള്‍ അവര്‍ കണ്ടു. റേച്ചലിന്റെ ശരീരത്തില്‍ പിടി ഒടിഞ്ഞ ഒരു കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു. നൂറുകണക്കിന് ആളുകളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെ വീട്ടുജോലിക്കാരി ഗൗരിയെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരമാണ് അന്വേണത്തില്‍ വഴിത്തിരിവായത്. മദ്രാസിലെ മോന്‍ വരുമെന്ന് അമ്മച്ചി പറഞ്ഞതായി ഗൗരി മൊഴിനല്‍കി. തുടന്ന് മദ്രാസിലെ മോനെക്കുറിച്ചുള്ള അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സാഹായകരമായത്.
മദ്രാസില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്സ് പഠിക്കുകയായിരുന്നു റെനി. സംഭവത്തിനു തലേന്ന് ജോലി കഴിഞ്ഞ് പോകുമ്പോള്‍ മദ്രാസിലെ മോന്‍ വരുമെന്ന് റേച്ചല്‍ ഗൗരിയമ്മയോട് പറഞ്ഞിരുന്നു. റെനിയും കൂട്ടുകാരായ മൗറീഷ്യസ് സ്വദേശി ഗുലാം മുഹമ്മദ്, മലേഷ്യക്കാരനായ ഗുണശേഖരന്‍, കെനിയക്കാരനായ കിബ്ലോ ദാനിയേല്‍ എന്നിവര്‍ ചേര്‍ന്ന് കറിക്കത്തികൊണ്ട് ദമ്പതിമാരെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. കുപ്രസിദ്ധമായ കേസിനെ ആസ്പദമാക്കി ചലചിത്രം വരെ അക്കാലത്ത് പുറത്തിറങ്ങിയിട്ടുണ്ട്.