കൊല്ലം: ഉത്ര കൊലപാതക കേസിൽ സൂരജിന്റെ അമ്മയെയും സഹോദരിയെയും പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഗാർഹിക പീഡനം ഉൾപ്പെടെയുള്ള കേസിലാണ് ചോദ്യം ചെയ്യൽ. ഇത് മൂന്നാം തവണയാണ് ഇരുവരെയും പ്രത്യേക സംഘം ചോദ്യം ചെയ്യുന്നത്. നേരത്തെ വനംവകുപ്പ് ഉദ്യോഗസ്ഥരും ഇരുവരെയും ചോദ്യം ചെയ്തിരുന്നു. വനിതാകമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് ഗാർഹിക പീഡനത്തിന് സൂരജിന്റെ അമ്മക്കും സഹോദരിക്കും എതിരെ കേസെടുത്തത്.
മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിച്ചിരുന്ന ഉത്രയെ കൊല്ലാൻ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26ന് പാമ്പ് പിടിത്തക്കാരനായ സുരേഷിൽ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാർച്ച് രണ്ടിന് കടിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടർന്നാണ് കരിമൂർഖനെ വാങ്ങിയത്. വലിയ ബാഗിലാക്കിയാണ് കരിമൂർഖനെ സൂരജ് വീട്ടിലേക്ക് കൊണ്ടുവന്നത്.
രാത്രി ഉത്ര ഉറങ്ങിയ ശേഷം പാമ്പിനെ കൊണ്ട് ഇയാൾ ഉത്രയെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിൽ ഇരുന്ന് നേരം വെളുപ്പിച്ചു. എഴുന്നേൽക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടർന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഉത്രയുടെ വീട്ടുകാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകത്തിന്റെ വിവരം പുറത്തു വന്നത്. ഭർത്താവ് സൂരജും പാമ്പ് പിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്.