പത്തനംതിട്ട : രാജ്യം നിരോധിച്ചതിനെ ഞങ്ങളെന്തിന് ഇഷ്ടപ്പെടണം ?. രാജ്യ തീരുമാനത്തിനൊപ്പമാണ് ഞങ്ങൾ -- ടിക് ടോക്ക് താരങ്ങളായ അനുരാജ് - പ്രീണ ദമ്പതികൾ പറയുന്നു. അടൂർ അനശ്വര ജൂവലറി ഉടമയായ രാജൻ അനശ്വരയുടെ മകനാണ് അനുരാജ്. ഇവരുടെ ടിക്ടോക്ക് വീഡിയോകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ടിക്ടോക്ക് നിരോധിച്ചത് കൊണ്ട് വലിയൊരു നഷ്ടം തോന്നിയിട്ടില്ലെന്ന് ഇരുവരും പറയുന്നു. ടിക്ടോക്ക് മാത്രമല്ല ഏത് ആപ്പ് ഉപയോഗിച്ചാലും സെക്യുരിറ്റി പ്രശ്നമുണ്ട്. നമ്മുടെ ഡേറ്റകൾ ശേഖരിച്ചാണ് ആപ്പിന് അനുമതി നൽകുന്നത്. ഒരു ആപ്പും സുരക്ഷിതമല്ല. രാജ്യം നിരോധിച്ച ആപ്പുകളിൽ ടിക്ടോക്ക് മാത്രമേ ഞങ്ങൾ ഉപയോഗിച്ചിരുന്നുള്ളു.
ആദ്യമൊക്കെ ഡബ്സ്മാഷ് ചെയ്യുമായിരുന്നു. ടിക് ടോക് വന്നതോടെ സർഗാത്മകമായി ചെയ്യാൻ തുടങ്ങി. യൂട്യൂബിൽ ഐയാം ഫോർയു എന്ന പേരിൽ യുട്യൂബ് ചാനൽ ഉണ്ട്. ടിക്ടോക്ക് വരുമാനത്തിന് വേണ്ടിയുള്ളതല്ല. ചില പ്രോഗ്രാമുകൾ അവർതന്നെ അസൈൻ ചെയ്തുതരാറുണ്ട്. മുംബൈയിലെ ടിക്ടോക്കിന്റെ ഓഫീസ് ഒരിക്കൽ സന്ദർശിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ടിക്ടോക്ക് ചെയ്യുന്നവർ കുറച്ചുകൂടി ക്രിയേറ്റീവായി ചെയ്യുന്നവരാണ്. ടിക്ടോക്കിലൂടെ പ്രമുഖരായവർ നിരവധിയാണ്. ലൈക്കിന് വേണ്ടി മാത്രം എന്തും ചെയ്യാൻ പലരും തയാറാകുന്നതാണ് ഇതിന്റെ മോശം വശം.
ടിക്ടോക്ക് അവരുടെ സെർവറുകൾ യു.കെയിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ടെന്നാണ് അറിഞ്ഞത്. ഒരു വർഷമായി ടിക്ടോക്കിൽ അത്ര സജീവമല്ല ഞങ്ങൾ. ക്രിയേറ്റീവ് ചിന്തകൾ ടിക് ടോക്കിൽ പൂർണമായും അടയാളപ്പെടുത്താൻ കഴിയാത്തതിനാൽ യൂട്യൂബ് വീഡിയോയാണ് കൂടുതലും ചെയ്യുന്നത്. അനുരാജിന്റെയും പ്രീണയുടെയും ഒന്നാംക്ളാസുകാരനായ മകൻ റിഷിയും ഇവർക്കൊപ്പം ടിക്ടോക്കിൽ അഭിനയിച്ചിട്ടുണ്ട്. അച്ഛനെ ബിസിനസിൽ സഹായിക്കുകയാണ് അനുരാജ്.