trump

വാഷിംഗ്ടൺ : മറ്റു രാജ്യങ്ങൾക്കെതിരെയുള‌ള ആക്രമണമാണ് കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ശരിക്കുള്ള സ്വഭാവമെന്ന് തെളിയിക്കുന്നതാണ് ഇന്ത്യക്കെതിരെ ചൈന നടത്തിയ കടന്നുകയറ്റമെന്ന് അമേരിക്ക. മേഖലയിലെ ചൈനയുടെ പ്രവൃത്തികൾ അമേരിക്ക സസൂഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക് ഇവാനി പറഞ്ഞു.


''ഇന്ത്യയാേട് മാത്രമല്ല ലോകത്തിലെ മറ്റു രാജ്യങ്ങളോടും ചൈനയുടെ പെരുമാറ്റം ഇങ്ങനെ തന്നെയാണ്. ചൈനീസ് കമ്യൂണിസ്‌റ്റ് പാർട്ടിയുടെ സ്വഭാവമാണ് ഇതിലൂടെ കാണിക്കുന്നത്'' - പ്രസ് സെക്രട്ടറി പറഞ്ഞു. ഇന്ത്യക്കെതിരെയുള്ള ചൈനീസ് അതിക്രമത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നേരത്തേ നിശിതമായി വിമർശിച്ചിരുന്നു.അമേരിക്കൻ കോൺഗ്രസിലെ ചില അംഗങ്ങളും ചൈനയുടെ പ്രവൃത്തികളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യൻ പ്രദേശങ്ങൾ തങ്ങളുടേതാണെന്ന നേപ്പാളിന്റെ അവകാശവാദത്തിനുപിന്നിലും കഴിഞ്ഞദിവസം ജമ്മുകാശ്മീർ അതിർത്തിയിൽ പാകിസ്ഥാൻ കൂടുതൽ സൈനികരെ വിന്യസിച്ചതിനു പിന്നിലും ചൈനയാണെന്നാണ് കരുതുന്നത്.

അതിർത്തിയിലെ സംഘർഷം കുറയ്ക്കാൻ ഇന്ത്യയും ചൈനയും കഴിഞ്ഞദിവസം നടത്തിയ മാരത്തോൺ ചർച്ചയിലും കാര്യമായ ധാരണ ഉണ്ടായില്ല. വരും ദിവസങ്ങളിലും സൈനിക , നയതന്ത്ര ചർച്ചകൾ തുടരും. അതിനിടെ അതിർത്തിയിലുടനീളം ഇരുപക്ഷവും സൈനിക വിന്യാസം കൂട്ടിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നാളെ ലഡാക്കിലെത്തും.