india-covid

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19,148 പേർക്ക് പുതുതായി കൊവിഡ് ബാധിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രാജ്യത്ത് ആറ് ലക്ഷം കടന്നു. ആകെ 6,04,641 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്‌. ഇതിൽ നിലവിൽ ചികിത്സയിലുള്ളത് 2,26,947 പേരാണ് . 3,59,860 പേർ രോഗമുക്തരായി. അമ്പതിനായിരം കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌താൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ റഷ്യയെ പിന്തള്ളി മൂന്നാമതെത്തും.

കൊവിഡ് ബാധിച്ച് 24 മണിക്കൂറുനിടെ മരിച്ചത് 434 പേരാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 17,834 ആയി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോഴും കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയിൽ മാത്രംകൊവിഡ് മരണങ്ങൾ 8000 കടന്നു. 1,80,298 പേർക്കാണ് മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 94,049 പേർക്കാണ് തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1264 മരണവും തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്‌തത്. 89,802 പേർക്ക് രോഗം സ്ഥിരീകരിച്ച ഡൽഹിയിൽ 2803 പേരാണ് മരിച്ചത്.

33,232 പേർക്ക് രോഗം കണ്ടെത്തിയ ഗുജറാത്തിൽ 2803 പേരാണ് മരിച്ചത്. ഉത്തർപ്രദേശിൽ 718 പേരും പശ്ചിമബംഗാളിൽ 683 പേരും കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. കേരളത്തിൽ ആകെ 4593 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2132 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 25 മരണമാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്.