drugs

നേപ്പിൾസ്: ഇറ്റലിയിലെ നേപ്പിൾസിനടുത്തുള‌ള സലേർണോ തുറമുഖത്ത് നിന്നും കണ്ടെയ്‌നറുകളിൽ കൊണ്ടുവന്ന ഒരു ബില്യൺ യൂറോയുടെ പതിനാല് ടൺ ആംഫിറ്റാമൈൻ ലഹരിമരുന്ന് പിടിച്ചെടുത്ത് ഇറ്റാലിയൻ പൊലീസ്. മരുന്ന് കടത്തിൽ ഐസിസിന് പങ്കുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. മൂന്ന് കണ്ടെയ്‌നറുകളാണ് പിടിച്ചെടുത്തത്. മുൻപ് നടത്തിയ പരിശോധനകളിൽ നിന്നും ലഭിച്ച സൂചനയാണ് ഇത്ര വലിയ ലഹരിമരുന്ന് വേട്ടക്ക് സഹായമായതെന്ന് ഇറ്റാലിയൻ സാമ്പത്തിക ക്രൈം ഏജൻസിയായ ഗാർഡിയ ഡി ഫിനാൻസ അറിയിച്ചു.

വലിയ ഉയരത്തിലുള‌ള പേപ്പർ റോളുകളായിരുന്നു കണ്ടെയ്‌നറുകളിലുണ്ടായിരുന്നത്. പേപ്പർ തുറന്നപ്പോഴാണ് ഇടയിലായി ലഹരിമരുന്നായ ആംഫിറ്റാമൈൻ നിറച്ചിരിക്കുന്നത് കണ്ടത്. പതിനാല് ടൺ മരുന്നാണ് കടത്താൻ ശ്രമിച്ചത്. ന്യൂറോളജി സംബന്ധമായ പ്രശ്നങ്ങൾക്കും പൊണ്ണതടിക്കുമെല്ലാം ചികിത്സയിൽ ഉപയോഗിക്കുന്നതാണ് ആംഫിറ്റാമൈൻ. എന്നാൽ ലോകമെമ്പാടുമുള‌ള ഐസിസ് തീവ്രവാദികൾ ഭയവും വേദനയും അകറ്റുന്നതിനായി കൂടിയ അളവിൽ ഇവ ഉപയോഗിക്കാറുണ്ട്. അതിനാൽ തന്നെ 'ഐസിസ് ഡ്രഗ്' എന്ന വിളിപ്പേരും ഇതിനുണ്ട്. രണ്ടാഴ്ച മുൻപും തുറമുഖത്ത് നിന്നും ആംഫിറ്രാമൈനും ഹാഷിഷും പിടികൂടിയിരുന്നു. യൂറോപ്പിലെ ഐസിസ് ബന്ധമുള‌ള ക്രിമിനൽ ഗ്രൂപ്പ് ശൃംഖലയിലേക്ക് എത്തിക്കാനായിരുന്നു ഇവയെന്ന് ഇറ്റാലിയൻ പൊലീസ് അറിയിച്ചു.