ന്യൂഡൽഹി : രാജ്യതലസ്ഥാന മേഖലയിലെ കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നു. പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണിത്. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. നേരത്തേ ഡൽഹിയിലെ കൊവിഡ് പ്രതിരോധത്തിൽ അമിത്ഷാ ഇടപെട്ടിരുന്നു.
രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇപ്പോഴും കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. 89,802 പേർക്ക് രോഗം സ്ഥിരീകരിച്ച ഡൽഹിയിൽ 2803 പേരാണ് മരിച്ചത്. ഉത്തർപ്രദേശിൽ 718 പേരാണ് മരിച്ചത്. 33,232 പേർക്ക് രോഗം കണ്ടെത്തിയ ഗുജറാത്തിൽ 2803 പേരാണ് മരിച്ചത്. പശ്ചിമബംഗാളിൽ 683 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് മരണങ്ങൾ 8000 കടന്നു. തമിഴ്‌നാട്ടിൽ 94,049 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1264 മരണവും തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തു.