pic

ചെന്നെെ: പൊലീസ് കസ്റ്റഡിയിൽവച്ച് ബെനിക്സ്, ജയരാജ് എന്നിവരെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ നാല് പൊലീസുകാരുടെ അറസ്റ്റ് കൂടി സിബി സിഐഡി രേഖപ്പെടുത്തി. എസ് ഐ ബാലകൃഷ്ണൻ, കോൺസ്റ്റബിൾമാരായ മുത്ത് രാജ് ,മുരുകൻ ഇൻസ്പെക്ടർ ശ്രീധർ എന്നിവരാണ് ഏറ്റവുമൊടുവിൽ പിടിയിലായത്. കേസിനെ തുടർന്ന് നേരത്തെ സസ്‌പെൻഷനിലായ എസ് ഐ രഘു ഗണേഷിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തൂത്തുക്കുടി കസ്റ്റഡി മരണക്കേസിൽ ഇതോടെ അഞ്ച് പൊലീസുകാരാണ് അറസ്റ്റിലായത്. ഐ പി സി 302 പ്രകാരം കൊലപാതകത്തിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം പൊലീസുകാരുടെ അറസ്സ് ആഘോഷമാക്കി നാട്ടുകാർ പടക്കം പൊട്ടിച്ചു.

പ്രാഥമിക അന്വേഷണത്തിൽ പൊലീസുകാർക്ക് പങ്കുളളതായി കണ്ടെത്തിയതായും കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടൊയെന്ന് അന്വേഷിക്കുമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ഐ ജി ശങ്കർ പറഞ്ഞു. ബെനിക്സിന്റെയും ജയരാജിന്റെയും മരണത്തിന് കാരണക്കാരായ പ്രതികൾക്ക് ഏറ്റവും ഉയർന്ന ശിക്ഷതന്നെ വാങ്ങിക്കൊടുക്കുമെന്ന് തമിഴ്നാട് നിയമ മന്ത്രി സി വി ഷൺമുഖം പറഞ്ഞു.