വെള്ളിത്തിരയിൽ 40 വർഷം പൂർത്തിയാക്കി നെടുമുടി വേണു അഭിനയയാത്രയിൽ
തനി നാട്ടിൻപുറത്തുകാരന്റെ മനസാണ് നെടുമുടി വേണുവിന്. കുട്ടനാട്ടിലെ മനുഷ്യ ജീവിതങ്ങൾ വേണു എന്ന നടനെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. അതിനാൽ ആ ഗ്രാമാന്തരീക്ഷത്തിലെ ചുറ്റുപാടുകൾ മനസിൽ നിന്ന് പറിച്ചെറിയാൻ ഒരിക്കലും കഴിയില്ല. സിനിമാ നടൻ എന്ന നിലയിൽ ഒരുപാട് പ്രശസ്തിയും അംഗീകാരങ്ങളും ലഭിച്ചു. അഭിനയ ജീവിതം നാലു പതിറ്റാണ്ട് പിന്നിടുമ്പോൾ നെടുമുടി വേണു സംസാരിക്കുന്നു.
വെല്ലുവിളി ഉയർത്തുന്ന കഥാപാത്രങ്ങൾക്കായി ഇപ്പോഴും കാത്തിരിക്കുകയാണോ ?
ഈ ജോലി തുടങ്ങിയിട്ട് നാല്പതു വർഷത്തിലേറെയായി . അച്ഛനും അദ്ധ്യാപകനും സഹോദരനും വക്കീലുമൊക്കെയായി കുറെ ആയി.
ആവർത്തന വിരസത ഒരു നടനെ സംബന്ധിച്ച് മടുപ്പുളവാക്കും. ഒരു തരത്തിലും വൈവിദ്ധ്യം തോന്നാത്ത അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ വൈമുഖ്യമുണ്ട്. പുതുതായി എന്ത് ചെയ്യാനുണ്ടെന്ന അന്വേഷണത്തിലാണ് ഞാനിപ്പോൾ. സിനിമകളുടെ എണ്ണം കുറച്ചിട്ടുണ്ട്. എന്നാൽ നല്ല കഥാപാത്രങ്ങളേ ചെയ്യുകയുള്ളൂയെന്ന് വാശിപിടിക്കാനും കഴിയില്ല. മലയാള സിനിമാ വ്യവസായംവളരെ ചെറുതാണ്. സൗഹൃദങ്ങൾക്കു വഴങ്ങി ചില വേഷങ്ങൾ ചെയ്യാറുണ്ട്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ സാമൂതിരിയുടെ വേഷം പ്രതീക്ഷ നൽകുന്നതാണ്. അതുപോലെ തന്നെ അടുത്തിടെ ചെയ്ത ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് തമിഴ് ചിത്രമായ സർവം താളമയത്തിലെ വെമ്പു അയ്യർ എന്ന സംഗീത അദ്ധ്യാപകന്റെ വേഷം.
വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?
കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ച് ശരീരം വഴങ്ങുന്നിടത്തോളം കാലം അഭിനയം തുടരുന്നതിൽ തെറ്റില്ല. പഴയതുപോലെ ചടുലമായ ചലനങ്ങൾ വേണ്ട കഥാപാത്രങ്ങൾ ചെയ്യാൻ ഇപ്പോൾ കഴിയില്ല. ഒരു നടനെ സംബന്ധിച്ച് അപരിചിതമായ വാക്കാണ് റിട്ടയർമെന്റ് എന്ന് പ്രശസ്ത അമേരിക്കൻ താരം അൽപാച്ചിനോ പറഞ്ഞത് ഓർക്കുന്നു. നാളെമുതൽ എല്ലാം അവസാനിപ്പിക്കാമെന്ന് തീരുമാനിച്ചാൽ അവസാനിക്കുന്നതല്ല അത്. വഴിയേ നടന്നു പോകുന്ന ഒരാളുടെ പ്രത്യേക തരം നടപ്പുകണ്ടാൽ തന്നെ നമ്മളെ അത് ഇപ്പോഴും കൊതിപ്പിക്കും.
വലിയ നടന്മാരാണെന്ന് കരുതുന്നവരാണല്ലോ ചുറ്റം ?
ശരിയാണ്. അത്തരം ആളുകൾ നിരവധിയുണ്ട്. അതിനുള്ള പ്രധാന കാരണം മിടുക്കന്മാരുമായി പരിചയം ഇല്ലാത്തതാണ്. പ്രതിഭാധന്മാരുടെ ജീവിതങ്ങൾ അറിയാനുള്ള മനസ് ഉണ്ടാവുക എന്നതാണ് പ്രധാനം.
കുട്ടനാട്ടിൽ കുട്ടിക്കാലം മുതൽ ഞാൻ കണ്ട ആയിരക്കണക്കിനു കഥാപാത്രങ്ങൾ ഇപ്പോഴും എന്റെ ബോധമണ്ഡലത്തിലുണ്ട്. വേറിട്ട അത്തരം വ്യക്തി ജീവിതങ്ങളുടെ ഒരു ശതമാനം മാത്രമേ ഞാൻ സ്ക്രീനിൽ അവതരിപ്പിച്ചിട്ടുള്ളൂ . എന്നെയൊന്ന് തുറന്നുവിടൂയെന്ന് പറഞ്ഞു ഇപ്പോഴും എത്രയോ കഥാപാത്രങ്ങൾ ക്യൂ നിൽക്കുന്നുണ്ടെന്നറിയാമോ? അവരെയൊക്കെ എവിടെയെങ്കിലുമൊന്ന് പ്രയോഗിക്കണമല്ലോ എന്ന ചിന്തയാണ് എന്റെ ഏറ്റവും വലിയ ഊർജ്ജം . ആടിത്തീർത്തതിനെക്കാൾ എത്രയോ മനോഹരമാണ് ഇനിയും ആടാനുള്ള വേഷങ്ങൾ. നാടകം, സംഗീതം, സാഹിത്യം തുടങ്ങി നിരവധി ഘടകങ്ങൾ അതിനു പ്രചോദനമേകും.
ആദ്യ കാലത്ത് നായകതുല്യമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടല്ലോ ?
വളരെ കുറച്ചു സിനിമകളിൽ അത്തരം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വില്ലന്മാരെ കായികമായി നേരിട്ടുകൊണ്ട് ധീരത കാണിക്കുന്ന കഥാപാത്രങ്ങളൊന്നും ഞാൻ അധികം ചെയ്തിട്ടില്ല . എന്റെ ശാരീരികമായ പരിമിതികൾ കൊണ്ടായിരിക്കാം അത്തരം കഥാപാത്രങ്ങൾ എന്നെ തേടി വരാത്തത്. ഒരു നായകനടനാവുക, അതിനുവേണ്ടി കഠിനമായി പരിശ്രമിക്കുക തുടങ്ങിയവയൊന്നും എനിക്ക് കഴിയുന്ന കാര്യങ്ങളല്ല. ഇപ്പോൾ എനിക്ക് വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു സീനിൽ മാത്രം വരുന്ന കഥാപാത്രങ്ങളും പൊട്ടനും ഭീരുവും സ്ത്രീലമ്പടനും പോലെയുള്ള ഏതുതരം കഥാപാത്രങ്ങളും ചെയ്യാം. നായകനായാൽ ഇതൊന്നും കഴിയില്ല.
ചില റൊമാന്റിക് വേഷങ്ങൾ കൂടുതൽ യോജിക്കുന്നതായി തോന്നിയിട്ടുണ്ട് ?
അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ ഗോപി, കേളിയിലെ റൊമാൻസ് കുമാരൻ, രാജശില്പിയിലെ മാധവൻ,യവനികയിലെ ബാലഗോപാലൻ തുടങ്ങിയ നിരവധി കഥാപാത്രങ്ങൾ ആ ഗണത്തിൽ പെടുത്താവുന്നവയാണ് . ഇത്തരം കഥാപാത്രങ്ങൾ ചെയ്യുമ്പോൾ പുതുതായി എന്ത് ചെയ്യാമെന്ന് ഞാൻ നോക്കാറുണ്ട് . പ്രത്യേകിച്ച് സംഗീത പ്രാധാന്യമുള്ള വേഷങ്ങൾ. അമ്പലത്തിലെ ശാന്തി, ആശാരി, തയ്യൽക്കാരൻ , പള്ളീലച്ചൻ, അദ്ധ്യാപകൻ, സംഗീത ഭാഗവതർ തുടങ്ങിയ വേഷങ്ങളെല്ലാം കണ്ടിട്ട് പലരും എന്നോട് ചോദിച്ചിട്ടുണ്ട് വർഷങ്ങളായി അത്തരം തൊഴിലുകളിൽ നിപുണരായിരിക്കുന്നവരെപ്പോലെ എങ്ങനെ ചെയ്യാൻ കഴിയുന്നുവെന്ന്. എല്ലാം ഒരു തരം തോന്നിപ്പിക്കൽ മാത്രമാണ്. എവിടെയൊക്കെയോ വച്ച് നമ്മൾ കണ്ട കാഴ്ചയിൽ നിന്നും ഓർത്തെടുത്തു ചെയ്യുന്നു.
സംവിധാനത്തിൽ വീണ്ടും സിനിമ പ്രതീക്ഷിക്കാമോ ?
ശരിക്കും ഇരുത്തം വന്നിട്ട് ചെയ്ത സിനിമ ആയിരുന്നില്ല പൂരം. അപ്രതീക്ഷിതമായ ഒരു സാഹചര്യത്തിൽ ചെയ്യേണ്ടി വന്നതാണ്. സർഗാത്മകതയുടെ പൂർണമായ ലഹരി അനുഭവപ്പെടുന്നത് സംവിധാനം ചെയ്യുമ്പോഴാണ്. ഞാൻ ഇപ്പോൾ സംവിധാനത്തെക്കുറിച്ചു കാര്യമായി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപാട് വിഷയങ്ങൾ മനസിലുണ്ട് . മറ്റ് തിരക്കുകളൊക്കെ ഒഴിഞ്ഞു അതിനു വേണ്ട സാവകാശം ലഭിക്കുമ്പോൾ എഴുത്തു ജോലികളിലേക്ക് കടക്കണം.
തിരക്കിനിടെ കുടുംബജീവിതം എത്രത്തോളം ശ്രദ്ധിക്കാൻ കഴിഞ്ഞു?
ഗൃഹനാഥൻ എന്ന നിലയിൽ കുടുംബത്തിലെ ഒരുപാട് നല്ല മുഹൂർത്തങ്ങൾ നഷ്ടമായിട്ടുണ്ട് . നല്ല ഭർത്താവും നല്ല അച്ഛനുമൊക്കെയായി നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ജീവിതത്തിൽ അതൊന്നും ആകാൻ കഴിഞ്ഞില്ല. എന്റെ ജീവിതത്തിന്റെ നല്ല കാലം മുഴുവൻ കഥാപാത്രങ്ങളുടെ പിറകെയുള്ള സഞ്ചാരമായിരുന്നു. നമ്മുടെ വികാരവിചാരങ്ങളെല്ലാം പലപ്പോഴും കഥാപാത്രങ്ങളുടെ വികാരങ്ങളായി മാത്രം ചുരുങ്ങിപ്പോയി . മക്കളുടെ കാര്യങ്ങളെല്ലാം ഭാര്യ സുശീല നന്നായി തന്നെ നോക്കി. മക്കളായ ഉണ്ണി വേണുവും കണ്ണൻ വേണുവും ഇപ്പോൾ ദുബായിലാണ്.