-everton

ജമെെക്ക: കരീബിയന്‍ ക്രിക്കറ്റിന്റെ പിതാവെന്ന് അറിയപ്പെട്ടിരുന്ന വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസ ബാറ്റ്‌സ്‌മാന്‍ എവര്‍ട്ടണ്‍ വീക്ക്‌സ് (95) അന്തരിച്ചു. വെസ്റ്റിൻഡീസ് ക്രിക്കറ്റ് വീക്ക്‌സിന്റെ മരണവാർത്ത ട്വീറ്റ് ചെയ്തിട്ടുണ്ട്. “മഹാത്മാവിന്റെ നിര്യാണത്തിൽ ഞങ്ങളുടെ ഹൃദയം വിങ്ങുകയാണ്. ഒരു ഇതിഹാസം, ഞങ്ങളുടെ നായകൻ, സർ എവർട്ടൺ വീക്കെസ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ”- വിൻഡീസ് ക്രിക്കറ്റിന്റെ ട്വീറ്റിൽ പറയുന്നു.

രണ്ടാം ലോക മഹായുദ്ധാനന്തര വിൻഡീസ് ടീമിൽ ഇദ്ദേഹം അംഗമായിരുന്നു. ഇതിഹാസങ്ങളായ ക്ലൈഡ് വാൽകോട്ട്, ഫ്രാങ്ക് വോറൽ എന്നിവരും വീക്ക്സിനൊപ്പം ഈ ടീമിൽ കളിച്ചിരുന്നു. വാൽകോട്ട് 2006ലും വോറൽ 1967ലും മരണപ്പെട്ടു. മൂവർക്കുമുള്ള ആദരവായി ഇന്ന് ബ്രിഡ്ജ്ടൗണിലെ ദേശീയ സ്റ്റേഡിയം ‘ത്രീ ഡബ്ല്യുസ് ഓവൽ’ എന്ന് പുനർനാമകരണം ചെയ്തു.

1948നും 58നും ഇടയിൽ വെസ്റ്റ് ഇൻഡീസിനായി 48 ടെസ്റ്റുകൾ കളിച്ച അദ്ദേഹം 58.61 ശരാശരിയിൽ 4455 റൺസ് നേടി. 207 ആണ് ഉയർന്ന സ്കോർ. തുടർച്ചയായി അഞ്ചെണ്ണം ഉൾപ്പെടെ 15 സെഞ്ചുറികളും 19 അർദ്ധസെഞ്ചുറികളുമാണ് അദ്ദേഹം നേടിയത്.