pubg

രാജ്യത്ത് ടിക് ടോക്കും ഹലോയും ഉൽപ്പടെ 59 ചൈനീസ് ആപ്പുകളാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ഈ വേളയിൽ ഏറ്റവും കൂടുതൽ ഉയർന്ന് വന്നൊരു ചോദ്യമാണ് എന്തുകൊണ്ട് പബ്‌ജി നിരോധിച്ചില്ല എന്നത്. പബ്ജിയുടെ നിർമാതാക്കളായ പബ്ജി കോർപ്പറേഷൻ ഒരു ചൈനീസ് കമ്പനിയല്ല എന്നതാണ് പ്രധാന കാരണം. ദക്ഷിണകൊറിയൻ ഗെയിം നിർമാതാക്കളായ ബ്ലൂഹോളും പബ്ജി കോർപ്പറേഷനും സംയുക്തമായാണ് ഗെയിം നിർമ്മിച്ചത്.

ചൈനീസ് കമ്പനിയായ ടെൻസന്റാണ് പബ്ജി മൊബൈൽ വെർഷൻ തയ്യാറാക്കിയതും വിതരണക്കാരും. പബ്ജി ഇന്ത്യയിൽ അവതരിപ്പിച്ചത് ടെൻസന്റാണ്. പ്ളേസ്റ്റോറിൽ ആപ്പിനൊപ്പമുള്ള വിവരങ്ങളിൽ ഇത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണകൊറിയയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനിയാണ് പബ്ജി,​ സോളാണ് കമ്പനിയുടെ ആസ്ഥാനം. ദക്ഷിണകൊറിയൻ നിയമം അനുസരിച്ചാണ് കമ്പനിയുടെ പ്രവർത്തനം.

അതേസമയം ഇന്ത്യൻ പ്ളേസ്റ്രോറിൽ ഗെയിമിന്റെ പബ്ലിഷറായി നൽകിയിരിക്കുന്നത് ടെൻസന്റിന്റെ പേരാണ്. എന്നാൽ ഈ ഗെയിം നിർമ്മാതാക്കളുടെ കോൺഡാക്ട് നൽകിയിരിക്കുന്നത് സിംഗപ്പൂരിലാണ്. ഈ വൈരുദ്ധ്യമാണ് പബ്ജിയുടെ രക്ഷയ്ക്കെത്തിയതെന്നാണ് പബ്ജി പ്രേമികളുടെ അനുമാനം. പ്ളെയർ അൺനൗൺസ് ബാറ്റിൽ ഗെയിം എന്നതിന്റെ ചുരുക്ക പേരാണ് പബ്ജി.

ആൻഡ്രായിഡിലും,​ ഐഒഎസിലും,​ വിൻഡോസ് പിസിയിലും,​ പ്ലേ സ്റ്റേഷനിലും ഉൾപ്പെടെ വിവിധ പ്ളാറ്റ്ഫോമുകളിൽ ഇത് ലഭ്യമാണ്. മൊബൈൽ ഇതര പ്ളാറ്റ്ഫോമിൽ മാത്രം അമ്പത് മില്ല്യൺ ഡൗൺലോഡ് ഈ ഗെയിമിനുണ്ട്. മൊബൈൽ വെർഷൻ ലഭ്യമാക്കുന്ന ആൻഡ്രോയിഡ് ആപ്പിൽ മാത്രം 100മില്ല്യണിലധികം ഡൗൺലോഡുകളാണ് പബ്ജിക്കുള്ളത്. അതിശക്തമായ ഗ്രാഫിക്സുകളാണ് ഈ ഗെയിമിനെ വ്യത്യസ്തമാക്കുന്നത്.