കൊച്ചി: ലോകത്തെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോഗ രാജ്യമായ ഇന്ത്യ ജൂണിൽ ഇറക്കുമതി ചെയ്‌തത് വെറും 11 ടൺ സ്വർണം. 86 ശതമാനമാണ് ഇടിവ്. 2019 ജൂണിൽ ഇറക്കുമതി 77.73 ടൺ ആയിരുന്നു. റെക്കാഡ് വിലക്കയറ്റവും കൊവിഡും ലോക്ക്ഡൗണും മൂലം റീട്ടെയിൽ വിപണി നേരിടുന്ന മാന്ദ്യമാണ് ഇറക്കുമതിയെ ബാധിച്ചത്.

വില വൈകാതെ കുറഞ്ഞേക്കുമെന്ന പ്രതീക്ഷയിൽ വിപണിയിലേക്കുള്ള യാത്ര വൈകിപ്പിക്കുകയാണ് ഉപഭോക്താക്കൾ. കഴിഞ്ഞവർഷം ജൂണിലെ ഇറക്കുമതി മൂല്യം 270 കോടി ഡോളറായിരുന്നെങ്കിൽ കഴിഞ്ഞമാസം അത് 60.87 കോടി ഡോളറായി താഴ്‌ന്നു. അതേസമയം, ഇറക്കുമതി സംബന്ധിച്ച ഔദ്യോഗിക കണക്ക് കേന്ദ്രസർക്കാർ പുറത്തുവിട്ടിട്ടില്ല.

₹50,000

മുംബയ് ബുള്ള്യൻ വിപണിയിൽ പത്തുഗ്രാമിന് ഇന്നലെ വില ആദ്യമായി 50,000 രൂപ കടന്നു.

₹35,840

കേരളത്തിൽ ബുധനാഴ്‌ച റെക്കാഡ് ഉയരമായ 36,160 രൂപയിലെത്തിയ പവൻ വില ഇന്നലെ 35,840 രൂപയായി താഴ്‌ന്നു. 4,520 രൂപയിൽ നിന്ന് 4,480 രൂപയിലേക്ക് ഗ്രാം വിലയും കുറഞ്ഞു.