നിരോധിക്കപ്പെട്ടുവെങ്കിലും ടിക് ടോക് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി പദവി നേടിവർ ഏറെയാണ്. അനുമോദനങ്ങൾക്കൊപ്പം വിമർശങ്ങൾ നേരിട്ടവരും ധാരാളം. അക്കൂട്ടത്തിൽ മുന്നിൽ തന്നെയാണ് 'ഹെലൻ ഓഫ് സ്പാർട്ട'. കാസർകോടുകാരിയായ ധന്യ എസ് രാഗേഷ് ആണ് 'ഹെലൻ ഓഫ് സ്പാർട്ട' എന്ന പേരിൽ ടിക് ടോക്കിലും യൂട്യൂബിലുമെല്ലാം തരംഗം സൃഷ്‌ടിച്ചത്. മറ്റൊരു 'താര'മായ അർജുനുമായിട്ടായിരുന്നു 'ഹെലൻ ഓഫ് സ്പാർട്ട'യുടെ ഒടുവിലത്തെ അങ്കം. എന്നാൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയ അർജുന്റെ 'റോസ്‌റ്റിംഗ്' പരിപാടി തനിക്ക് അത്ര നന്നായി തോന്നിയിട്ടില്ലെന്ന് ഹെലൻ ഓഫ് സ്പാർട്ട പറയുന്നു. ബോഡി ഷെയിമിംഗാണ് അതിലുള്ളതെന്നും, അർജുന് വളംവച്ചുകൊടുക്കുന്നത് മലയാളികൾ തന്നെയാണെന്നും ധന്യ വിമർശിക്കുന്നു.
'അർജുന്റെ റോസ്‌റ്റിംഗ് അത്ര നന്നായിട്ട് തോന്നിയിട്ടില്ല. അയാളുടെ വീഡിയോ എനിക്ക് ഇഷ്‌ടമല്ല. അതിൽ മുഴുവൻ ബോഡി ഷെയിമിംഗാണ്. അർജുന് മലയാളികളുടെ മനസ് അറിയാം. ആരാന്റമ്മയ്‌ക്ക് ഭ്രാന്ത് പിടിക്കുമ്പോൾ കാണാൻ നല്ല ഭംഗിയായിരിക്കുമെന്ന് അറിയാമല്ലോ? അർജുന് കൊടുത്ത പിന്തുണയിൽ മലയാളികൾ അത് തെളിയിച്ചു കഴിഞ്ഞു.
മലയാളികൾ രണ്ടു തരമാണ്. അവസരത്തിനൊത്ത് പെരുമാറുന്ന ടീംസ് ഉണ്ട്. അതേസമയത്ത് ഒരാളെക്കുറിച്ച് ഒരു നെഗറ്റീവ് സാധനം മൈൻഡിൽ ആദ്യംതന്നെ സെറ്റ് ചെയ്‌തിട്ട് അതുതന്നെ വിശ്വസിക്കുന്നവരുമുണ്ട്. അതാണ് പ്രശ്‌നം'- ഒരു മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ഹെലൻ ഓഫ് സ്പാർട്ട മനസു തുറന്നത്.