ന്യൂയോർക്ക്: ലോകത്തെ ഏറ്റവും മൂല്യമേറിയ വാഹന ബ്രാൻഡെന്ന പട്ടം ചൂടി അമേരിക്കൻ ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല. ഇന്നലെ ടെസ്‌ല ഓഹരിവില 1,113 ഡോളറിൽ എത്തിയതോടെയാണ് മൊത്തം മൂല്യം 20,947 കോടി ഡോളർ എന്ന റെക്കാഡ് ഉയരം കുറിച്ചത്. ഈവർഷം മാത്രം ടെസ്‌ല ഓഹരികളിലുണ്ടായ വർദ്ധന 163 ശതമാനമാണ്.
രണ്ടാംസ്ഥാനത്തേക്ക് മാറിയ ടൊയോട്ടയേക്കാൾ 600 കോടി ഡോളർ മാത്രം ഉയരെയാണ് ടെസ്‌ലയുടെ മൂല്യം. ലോകത്ത് ഏറ്രവുമധികം ലാഭം കുറിക്കുന്ന കമ്പനികളിലൊന്നായ ടൊയോട്ട 2019ൽ ഒരുകോടിയിലധികം കാറുകൾ വിറ്റഴിച്ചിരുന്നു. ടെസ്‌ലയുടെ വില്‌പന 3.27 ലക്ഷമാണ്. 2020ൽ ടെസ്‌ലയുടെ വില്പന അഞ്ചുലക്ഷം കടക്കുമെന്നാണ് സി.ഇ.ഒ എലോൺ മസ്‌കിന്റെ അഭിപ്രായം.