botzwaana

ബോട്സ്വാന: ആഫ്രിക്കയിലെ ആനകളുടെ ആകെ എണ്ണത്തിൽ മൂന്നിലൊന്നും ഉള‌ള രാജ്യമാണ് ബോട്സ്വാന. ആഫ്രിക്കയുടെ വടക്ക് പടിഞ്ഞാറൻ പ്രദേശത്തുള‌ള ഈ രാജ്യത്ത് എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി മുന്നൂറ്റമ്പതോളം ആനകളെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വേട്ടയാടിയതിന്റെയോ വിഷം നൽകിയതോ മറ്റ് തരത്തിൽ അപായപ്പെടുത്തിയതിന്റെയോ ലക്ഷണങ്ങൾ ആനകളിൽ കാണുന്നില്ലെന്ന് വിദഗ്‌ദ്ധർ പറയുന്നു. ഇവയുടെ കൊമ്പുകൾ നഷ്ടപ്പെട്ടിട്ടില്ല എന്നത് തന്നെ അങ്ങനെ കരുതാനുള‌ള കാരണം.

സാധാരണ ഗതിയിൽ ആനകളുടെ കൂട്ട മരണം ഉണ്ടാകുന്നത് വരൾച്ച ഉണ്ടാകുമ്പോഴാണ് എന്നാൽ മിക്ക ആനകളുടെയും ശവശരീരം കണ്ടെത്തിയത് ജലാശയത്തിന് സമീപമായതിനാൽ ആ സാദ്ധ്യത തള‌ളിക്കളയുന്നു വിദഗ്‌ദ്ധർ. മുഖമടിച്ച് വീണ നിലയിലാണ് പല ആനകളെയും കാണപ്പെട്ടത് അതിനാൽ നാഡീ സംബന്ധമായ രോഗമാണോ മരണകാരണമെന്ന സംശയമുണ്ട്. ഇവയുടെ മരണകാരണമറിയാൻ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിരിക്കുകയാണ് ബോട്സ്വാന സർക്കാർ. പരിശോധനാ ഫലം വരാൻ ഇനിയും ആഴ്ചകൾ എടുത്തേക്കും.

പ്രദേശത്ത് ആനകൾ മാത്രമാണ് മരിക്കുന്നത്. മറ്റ് ജീവികൾക്ക് പ്രശ്‌നമൊന്നുമില്ല. വെള‌ളത്തിലോ മണ്ണിലോ നിന്നാണ് രോഗം പരന്നിരിക്കാനാണിട. അതിനാൽ പകർച്ചാവ്യാധിയാണോ അവ മനുഷ്യനിലേക്ക് പകരുമോ എന്നെല്ലാം കണ്ടെത്തേണ്ടിയിരിക്കുന്നു.