ചെന്നൈ: ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ചൈനീസ് പട്ടാളവുമായുണ്ടായ ഏറ്റമുട്ടലിൽ വീരമൃത്യുവരിച്ച ഇന്ത്യയുടെ 20 സൈനികർക്കും യുണൈറ്രഡ് ഇന്ത്യ ഇൻഷ്വറൻസിന്റെ ആദരം. 20 പേരുടെയും ഇൻഷ്വറൻസ് ക്ളെയിം തുക കുടുംബാംഗങ്ങൾക്ക് കമ്പനി കൈമാറി. ഇന്ത്യൻ ആർമിയിൽ നിന്ന് ക്ളെയിം പേപ്പറുകൾ കിട്ടിയദിനം തന്നെ ഇൻഷ്വറൻസ് തുക എസ്.ബി.ഐ മുഖേന കൈമാറിയെന്ന് യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് അറിയിച്ചു.

എസ്.ബി.ഐയിൽ ശമ്പള അക്കൗണ്ടുള്ളവരായിരുന്നു സൈനികർ. യുണൈറ്റഡ് ഇന്ത്യയുടെ ഗ്രൂപ്പ് ആക്‌സിഡന്റ് പോളിയാണ് ഇവർക്കുണ്ടായിരുന്നത്. നോൺ-ലൈഫ് ഇൻഷ്വറൻസ് കമ്പനികളിൽ പ്രീമിയം ഇനത്തിലും വിപണി വിഹിതത്തിലും ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയാണ് യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ്.