പാലക്കാടുകാരിയായ അർച്ചന ചുങ്കം സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. കോഴിക്കോട് ചുങ്കത്ത് ചട്ടിക്കച്ചവടം ചെയ്താണ് അർച്ചനയുടെ മാതാവ് ജീവിത വരുമാനം കണ്ടെത്തുന്നത്. വാടകവീട്ടിലാണ് ഇവരുടെ താമസം. ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചതോടെ അർച്ചനയുടെ പഠനവും പ്രയാസത്തിലാണ്. റോഡ് വക്കിലിരുന്ന് വളരെ ബുദ്ധിമുട്ടിയാണ് അർച്ചന പഠിക്കുന്നത്. കൊവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന ഈ സാഹചര്യത്തിലും ദാരിദ്ര്യം സഹിക്കാനാകാതെയാണ് മകളെയും കൊണ്ട് വഴിയോര കച്ചവടത്തിനെത്തിയതെന്ന് അർച്ചനയുടെ അമ്മ പറയുന്നു.
വിഷുക്കാലത്താണ് ഇവർക്ക് ഏറ്റവും കൂടുതൽ കച്ചവടം ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കൊവിഡ് മൂലമുള്ള ലോക്ക്ഡൗണിനെ തുടർന്ന് കച്ചവടം ഇല്ലായിരുന്നു. ജനങ്ങൾ പുറത്തിറങ്ങാത്തതും ആഘോഷാരവങ്ങൾ പൂർണമായും ഒഴിവാക്കിയതും ഇവരുടെ വിപണിയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ചെളിയും വെള്ളവും കെട്ടി നിൽക്കുന്ന വൃത്തിഹീനമായ പ്രദേശത്താണ് കുട്ടിയേയും കൊണ്ട് കച്ചവടത്തിനെത്തുന്നത്. പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള വഴിയോരക്കച്ചവടം കടുത്ത ആരോഗ്യഭീഷണി ഉയർത്തുന്നു. ജീവിത സാഹചര്യങ്ങൾക്ക് മുന്നിൽ തൊറ്റ് കൊടുക്കാതെ കൊവിഡിനൊട് പൊരുതി തെരുവിലിരുന്നു പഠിക്കുന്ന ഈ ഒന്നാം ക്ലാസുകാരി പലർക്കും പ്രചോദനമാണ്.