മുംബയ് : വിമാനത്താവള അഴിമതിയുമായി ബന്ധപ്പെട്ട് ജി വി കെ ഗ്രൂപ്പ് ചെയർമാൻ ജി വെങ്കട കൃഷ്ണ റെഡ്ഡിക്കും മുംബയ് ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിനും എതിരെ സി ബി ഐ കേസെടുത്തു. 2012-2018 കാലയളവിൽ ഖജനാവിന് നഷ്ടം വരുത്തി 805 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നതാണ് കേസ്.
ജി വി കെ എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ്, എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ, ചില വിദേശ നിക്ഷേപകർ എന്നിവർ ചേർന്നാണ് മുംബയ് ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചത്. ഇൗ കമ്പനിയിൽ ജി വി കെ എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡിന് 50.5 ശതമാനം ഓഹരിയാണ് ഉള്ളത്.
മുംബയ് ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയും മുംബയ് വിമാനത്താവളത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് കരാറിൽ ഏർപ്പെട്ടിരുന്നു. വിമാനത്താവളത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 38.7 ശതമാനം എയർപോർട്ട് അതോറിറ്റിക്ക് വാർഷിക ഫീസായി നൽകണം. ബാക്കി തുക വിമാനത്താവള പരിപാലനമുൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഉപയോഗിക്കണം എന്നായിരുന്നു കരാർ വ്യവസ്ഥ.
എന്നാൽ ഒമ്പത് സ്വകാര്യ കമ്പനികളുമായി ചേർന്ന് വ്യാജ കരാർ ഉണ്ടാക്കുകയും അതിലൂടെ 310 കോടിയോളം രൂപ തട്ടിയെടുത്തുവെന്നും സി ബി ഐയുടെ എഫ് ഐ ആറിൽ പറയുന്നു. ഇതിനൊപ്പം ജി വി കെ ഗ്രൂപ്പിന്റെ പ്രമോട്ടർമാർ വിമാനത്താവളത്തിന് ലഭിച്ച അധിക ഫണ്ടുകൾ ഗ്രൂപ്പിലെ മറ്റ് കമ്പനികൾക്കായി വകമാറ്റാൻ കൂട്ടുനിന്നു. 395 കോടിയോളം രൂപയാണ് ഇങ്ങനെ വകമാറ്റിയത്. ഇതിനൊപ്പം വിമാനത്താവളത്തിന്റെ പ്രവർത്തനച്ചെലവ് കൂടിയതായി വ്യാജ രേഖകൾ ഉണ്ടാക്കി നൂറുകോടിയോളം രൂപ വെട്ടിച്ചു എന്നും എഫ് ഐ ആറിൽ പറയുന്നു.