employ

ന്യൂഡൽഹി: കൊവിഡ് കാലത്തെ ലോക്ഡൗൺ മൂലം കഴിഞ്ഞ രണ്ട് മാസമായി കുത്തനെ ഉയ‌ർന്ന രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക് ഏതാണ്ട് പകുതിലധികം കുറഞ്ഞു. മേയ് മാസത്തിൽ 23.48 ശതമാനം എന്നത് ജൂൺ മാസത്തിൽ 10.99% ആയി കുറഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നിരീക്ഷണ കേന്ദ്രം (സി.എം.ഇ.ഐ) പുറത്തിറക്കിയ പ്രതിമാസ കണക്കിലാണ് ഈ പുതിയ വിവരം. ലോക്ഡൗണിന് ശേഷം രാജ്യത്ത് തൊഴിലുകൾ പുനരാരംഭിച്ചതിന്റെ പ്രതിഫലനമാണിത്.മൺസൂൺ കാലത്ത് വിളവിറക്കി മഴക്കാല അവസാനത്തോടെ വിളവെടുക്കുന്ന ഖാരിഫ് കൃഷി രാജ്യത്ത് ആരംഭിച്ചതും തൊഴിലില്ലായ്‌മ കുറയാൻ കാരണമായി.

ഗ്രാമീണ ഇന്ത്യയിലെ തൊഴിലില്ലായ്‌മ നിരക്ക് മേയ് മാസത്തിൽ 22.48% ആയിരുന്നു. എന്നാൽ ജൂൺ മാസത്തിൽ അത് 10.52 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 25.79 ആയിരുന്ന നഗരങ്ങളിലെ തൊഴിലില്ലായ്‌മ നിരക്ക് 12.02 % ആയി.എന്നാൽ ഫെബ്രുവരി, മാർച്ച് മാസങ്ങളെ അപേക്ഷിച്ച് ഈ നിരക്ക് വളരെ കൂടുതൽ തന്നെയാണ്. മാർ‌ച്ചിൽ ആകെ തൊഴിലില്ലായ്‌മ നിരക്ക് 8.75 ഉം ഫെബ്രുവരിയിൽ 7.76ഉം ആയിരുന്നു.

മേയ് 3ന് 26.16 ശതമാനമായിരുന്ന ഗ്രാമീണ ഇന്ത്യയിലെ തൊഴിലില്ലായ്‌മ ജൂൺ 21 ആയപ്പോഴേക്കും 7.26% കുറഞ്ഞു.

സി.എം.ഇ.ഐ നൽകുന്ന ജൂൺ 28ന് അവസാനിക്കുന്ന പ്രതിവാര നിരക്കിൽ നഗരങ്ങളിലെ തൊഴിലില്ലായ്‌മ 10.69 ശതമാനമാണ്. ജൂൺ 21ന് ഇത് 11.29 ആയിരുന്നു. ഗ്രാമീണ തൊഴിലില്ലായ്മ നിരക്കും ദേശീയ തൊഴിലില്ലായ്‌മ നിരക്കും 7.26 ൽ നിന്ന് 7.62 ആയും ഉയർന്നിരിക്കുകയാണ്.