കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കൊച്ചിയിൽ കൂടുതൽ ജാഗ്രത വേണമെന്ന് വ്യക്തമാക്കി മന്ത്രി വി.എസ് സുനിൽകുമാർ. മെട്രോ നഗരത്തിൽ രോഗവ്യാപനമുണ്ടായാൽ സ്ഥിതി രൂക്ഷമാകും. രോഗലക്ഷണങ്ങൾ മറച്ചു വയ്ക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും നിലവിൽ എറണാകുളം ജില്ലയിൽ സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എറണാകുളം മാർക്കറ്റിലുണ്ടായ വ്യാപനം ഒരു താക്കീത് മാത്രമാണ്. എല്ലാവരും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുമെന്ന് ഉറപ്പാക്കും. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. രോഗലക്ഷണമുള്ളവർ അടിയന്തരമായി ആരോഗ്യപ്രവർത്തകരെ സമീപിക്കണമെന്നും ഇത് മറച്ച് വയ്ക്കുന്നത് കാര്യങ്ങൾ ഗുരുതരമാക്കുമെന്നും മന്ത്രി അറിയിച്ചു.
കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കുവൈറ്റിൽ നിന്ന് നാട്ടിലെത്തിയ 51കാരൻ ന്യൂമോണിയ ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തുരുത്തി സ്വദേശിയായ ഇദ്ദേഹത്തിന് പ്രമേഹരോഗമുള്ളത് ആരോഗ്യനില വഷളാകാൻ കാരണമായി. ജൂൺ 19നാണ് ഇദ്ദേഹം കുവൈറ്റിൽ നിന്നും നാട്ടിലെത്തിയത്.
ഇന്നലെ മാത്രം ജില്ലയിൽ എട്ട് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. എറണാകുളത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പന്ത്രണ്ട് പേരിൽ എട്ട് പേർക്കും രോഗം പിടിപെട്ടത് സമ്പർക്കത്തിലൂടെയാണ്. അതിനിടെ, മാർക്കറ്റിലെ വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടുത്തെ 26 പേരുടെ സ്രവം പരിശോധയ്ക്കായി ശേഖരിച്ചു. ജില്ലയിലെ ആശുപത്രികളിൽ കൊവിഡ് സ്ഥിരീകരിച്ച് 190 പേരാണ് ചികിത്സയിൽ കഴിയുന്നത്.