angi

ആലപ്പുഴ : ആൻജിയോഗ്രാം ചെയ്യുന്നതിനിടെ യന്ത്രഭാഗം ഹൃദയവാൽവിൽ ഒടിഞ്ഞിരുന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ ചിങ്ങോലി സ്വദേശിനി ബിന്ദു എന്ന അമ്പത്തഞ്ചുകാരിയാണ് മരിച്ചത്.

കഴിഞ്ഞമാസം നാലിനാണ് തലകറക്കവും ഛർദ്ദിയും വന്ന് അവശയായ ബിന്ദുവിനെ മാവേലിക്കര തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഹൃദയത്തിൽ ബ്ലാേക്കുണ്ടോ എന്നറിയാൻ ആൻജിയോഗ്രാം പരിശോധന നടത്തി. ഇതിനിടെയാണ് യന്ത്രത്തിന്റെ ഭാഗം ഹൃദയവാൽവിൽ ഒടിഞ്ഞിരുന്നത്. ഉടൻ പരുമലയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച് ഒാപ്പൺഹാർട്ട് ശസ്ത്രക്രിയ നടത്തി ഒടിഞ്ഞിരുന്ന ഭാഗം നീക്കം ചെയ്തു. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ആദ്യം ചികിത്സിച്ച ആശുപത്രിയുടെ പിഴവാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കൾ ആലപ്പുഴ എസ് പിക്ക് പരാതി നൽകിയിട്ടുണ്ട്. അതേസമയം തങ്ങളുടെ ഭാഗത്ത് പിഴവുണ്ടായിട്ടില്ലെന്നും യന്ത്രഭാഗം ഒടിയുന്നത് അപൂർവമായി സംഭവിക്കുന്നതുമാത്രമാണെന്നുമാണ് സ്വകാര്യ ആശുപത്രി അധികൃതർ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഡോക്ടർമാരുടെ സംഘം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തു.