p-c-george

തിരുവനന്തപുരം: യു.ഡി.എഫിൽ നിന്ന് പുറത്തുപോയ ജോസ് കെ മാണിയെ രൂക്ഷമായി വിമർശിച്ച് പി.സി ജോർജ് എം.എൽ.എ. ജോസ് കെ മാണിയുടെ കാര്യം കട്ടപൊകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ജോസ് കെ മാണിയെ സ്വീകരിക്കാൻ ഇടതുപക്ഷത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദി ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പി.സി ജോർജ് ജോസ് കെ മാണിയെ കടന്നാക്രമിച്ചത്.

എൻ.ഡി.എയുടെ കൂടെ പോയാൽ മദ്ധ്യതിരുവിതാംകൂർ മേഖലയിൽ ജോസിന് യാതൊരു ചലനവും ഉണ്ടാക്കാനാവില്ല. എങ്ങനെയെങ്കിലും കാലുപിടിച്ച് യു.ഡി.എഫിലേക്ക് തിരികെ വരുന്നതായിരിക്കും ജോസിന് ലാഭം. അല്ലെങ്കിൽ ജോസിന്റെയും പാർട്ടിയുടെയും കാര്യം ഗതികേടിലാകുമെന്നും ജോർജ് വിമർശിച്ചു.

മുന്നണിയിൽ നിന്ന് പുറത്തുപോകേണ്ടി വന്ന സാഹചര്യം ജോസ് കെ മാണിയുടെ വിവരക്കേടായാണ്. അവന് പക്വത വന്നിട്ടില്ല. അല്ലെങ്കിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ബെന്നിബഹന്നാനും ഉൾപ്പെടെയുള്ള യു.ഡി.എഫിലെ നേതാക്കൾ പറയുന്ന ധാരണ കളവാണെന്ന് അയാൾ പറയുമോയെന്നും പി.സി ജോർജ് ചോദിച്ചു. രാഷ്ട്രീയത്തിൽ സാമാന്യ വിവരമുള്ളവർ ചെയ്യാത്ത കാര്യങ്ങളാണ് ജോസ് കെ മാണി ഇപ്പോൾ ചെയ്‌തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.