തിരുവനന്തപുരം: പ്രൈസ് വാട്ടർ കൂപ്പർ വിവാദത്തിൽ സർക്കാരിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പ്രൈസ് വാട്ടർ കൂപ്പർ സെക്രട്ടറിയേറ്റിൽ ഓഫീസ് തുറക്കാൻ ഒരുങ്ങുകയാണെന്നും, ഇതിന് ധനവകുപ്പ് അനുമതി നൽകി കഴിഞ്ഞുവെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ബാക്ക് ഡോർ എന്ന പേരിലാണ് ഓഫീസ് തുറക്കുന്നത്. ഫയലിൽ ഗതാഗതമന്ത്രി മാത്രം ഒപ്പിട്ടാൽ മതിയെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
ഹെസ്സുമായിട്ടുള്ള ധാരണാപത്രത്തിന്റെ കാര്യമാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പരാമർശിച്ച മറ്റൊരു കാര്യം. ധാരണാപത്രം ഒപ്പിട്ടിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ 2019 ജൂൺ 29ന് ധാരണാപത്രം ഒപ്പിട്ടെന്ന് ഹെസ്സിന്റെ വെബ്സൈറ്റിൽ കാണുന്നുണ്ട്. ചുരുക്കത്തിൽ കച്ചവടം ആദ്യം ഉറപ്പിക്കുകയും പിന്നീട് കൺസൽട്ടൻസിയെ നിയമിക്കുകയും ചെയ്യുന്ന കച്ചവടമാണ് ഇവിടെ നടക്കുന്നത്. ധനകാര്യവകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ശക്തമായി എതിർത്തിട്ടും, നടപ്പിലാക്കാൻ കഴിയില്ല എന്ന് പറഞ്ഞിട്ടും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് യോഗം വിളിച്ച് കൺസൽട്ടൻസി കൊടുത്തതെന്നും ചെന്നിത്തല ആരോപിച്ചു.