ബ്യൂണേഴ്സ് ഐറിസ് : വളരെ അപ്രതീക്ഷിതമായി വന്ന കൊവിഡ് ലോക്ക്ഡൗണുകൾ ലോകമെമ്പാടുമുള്ള നിരവധി മനുഷ്യരെയാണ് ബാധിച്ചത്. പലരും അന്യ ദേശങ്ങളിൽ കുടുങ്ങി പോയി. അത്തരത്തിൽ ജോലി സംബന്ധമായ കാര്യത്തിന് പോർച്ചുഗലിലെ പോർട്ടോ സാന്റോ ദ്വീപിലെത്തിയതായിരുന്നു ജുവാൻ മാനുവൽ ബാലെസ്റ്റെറോ എന്ന 47 വയസുള്ള അർജന്റീനക്കാരൻ.
കൊവിഡിന്റെ പശ്ചാത്തലത്തിൽ അർജന്റീനയിൽ അന്താരാഷ്ട്ര വിമാന സർവീസുകളെല്ലാം റദ്ദാക്കിയെന്നും അതിർത്തികൾ അടച്ചെന്നുമുള്ള വാർത്തകേട്ടയുടൻ ജുവാൻ ഞെട്ടി. എത്രയും വേഗം നാട്ടിലെത്തണമെന്നായി ജുവാന്. കാരണം തന്റെ അച്ഛൻ തന്നെ കാത്തിരിക്കുകയാണ്. വരുന്ന മേയിൽ തന്റെ അച്ഛന്റെ 90ാം പിറന്നാളാണ്. താൻ ഒപ്പമുണ്ടാകുമെന്ന് വാക്കു നൽകിയതാണ്. ഇനിയെന്ത് ചെയ്യും എന്ന് ആലോചിച്ച് സമയം കളയാതെ തൊട്ടടുത്ത ദിവസം തന്നെ ജുവാൻ മാനുവൽ ബാലെസ്റ്റെറോ അറ്റ്ലാൻഡിക് സമുദ്രത്തിലൂടെ തന്റെ ചെറു ബോട്ടിൽ യാത്ര ആരംഭിച്ചു. തന്റെ അച്ഛനെ കാണാൻ 85 ദിവസം കൊണ്ട് അറ്റ്ലാന്റികിലൂടെ ഒറ്റയ്ക്ക് യാത്ര നടത്തിയ ഒരു മകന്റെ ആവേശകരമായ കഥയിലൂടെ...
തടുക്കാനായില്ല, കടലിന് പോലും !
29 അടി നീളമുള്ള തന്റെ പായ് വഞ്ചിയിൽ അരി, പഴങ്ങൾ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളുമായി മാർച്ച് പകുതയോടെയാണ് ജുവാൻ തന്റെ യാത്ര തുടങ്ങിയത്. ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന ആ പോർച്ചുഗീസ് ദ്വീപിൽ കഴിയാമായിരുന്നിട്ടും തനിക്ക് അത് ആലോചിക്കാൻ കൂടി ആകുമായിരുന്നില്ലെന്നും എത്രയും വേഗം തന്റെ കുടുംബത്തിന്റെ അടുത്തെത്തണം എന്ന ഒറ്റ ചിന്ത മാത്രമാണ് ഉണ്ടായിരുന്നതെന്നും ജുവാൻ പറയുന്നു. സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധി പേർ ജുവാനെ ഈ സാഹസികതയിൽ നിന്നും പിൻ തിരിയാൻ ഉപദേശിച്ചു. എന്തിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നത്തിൽ അകപ്പെട്ട് മടങ്ങിയെത്തിയാൽ തിരിച്ച് പ്രവേശിപ്പിക്കില്ലെന്ന് പോർച്ചുഗീസ് അധികൃതർ പോലും മുന്നറിയിപ്പ് നൽകി. എന്നാൽ ഇതൊന്നും ജുവാൻ ചെവിക്കൊണ്ടില്ല. യാത്രയുടെ ആദ്യത്തെ 50 ദിവസം ജുവാൻ എവിടെയെത്തി എന്നത് സംബന്ധിച്ച് കൃത്യമായി വിവരം ലഭിക്കാത്തതിനെ തുടർന്ന് അച്ഛൻ കാർലോസ് ആൽബെർട്ടോ ബാലെസ്റ്റെറോയെ കുറച്ചൊന്നുമല്ല ആശങ്കയിലാഴ്ത്തിയത്.
ഏപ്രിൽ 12ന് കേപ് വെർഡ് ദ്വീപിലേക്ക് ബോട്ട് അടുപ്പിച്ച് ആഹാരവും ഇന്ധനവും സംഭരിക്കാനുള്ള അനുവാദം തേടിയെങ്കിലും അധികൃതർ വിസമ്മതിച്ചതായ ജുവാൻ പറയുന്നു. ശേഷിച്ച ഭക്ഷണവും പരിമിതമായ ഇന്ധനവുമായ പടിഞ്ഞാറ് ദിശയിലേക്ക് യാത്ര ആരംഭിച്ച തനിക്ക് കടലിലെ കാറ്റാണ് ഒരു പരിധി വരെ അനുഗ്രഹമായതെന്ന് ജുവാൻ ഓർക്കുന്നു.
ആദ്യമായല്ല ജുവാൻ കടലിൽ യാത്ര നടത്തുന്നത്. എന്നാൽ ഒറ്റയ്ക്ക് ഒരു ചെറു ബോട്ടിലൂടെയുള്ള യാത്ര ജീവിതത്തിൽ സ്വപ്നം പോലും കണ്ടിട്ടില്ല. എത്ര വലിയ നാവികനാണെങ്കിൽ പോലും കടലിന്റെ വിശാലതയിൽ ഒറ്റപ്പെട്ട് പോകുമ്പോൾ അനുഭവപ്പെടുന്ന മാനസിക സംഘർഷം ഒന്ന് വേറെ തന്നെയാണ്.
യാത്രയ്ക്കിടയ്ക്ക് തനിക്ക് നേരെ വന്ന ഒരു കൂറ്റൻ കപ്പൽ വെളിച്ചത്തെ പറ്റി ഓർക്കുമ്പോൾ ഇപ്പോഴും ജുവാന് അത്ഭുതമാണ്. അത് തന്നെ ലക്ഷ്യമാക്കി അടുത്തേക്ക് വരുന്നത് പോലെയാണ് തോന്നിയതെന്നും കഴിയുന്നത്ര വേഗത്തിൽ താൻ ബോട്ടുമായി സഞ്ചരിച്ചെന്നും ജുവാൻ പറയുന്നു. മൂന്നാം വയസുമുതൽ തന്റെ പിതാവിന്റെ ഒപ്പം മത്സ്യബന്ധന ബോട്ടിൽ കടലിൽ പോകുന്നയാളാണ് ജുവാൻ. 18 ാം വയസിൽ തെക്കൻ അർജന്റീനയിലെ പാറ്റഗോണിയ തീരത്തെ ഒരു മത്സ്യബന്ധന ബോട്ടിൽ ജോലിയും ലഭിച്ചിരുന്നു. വെനസ്വേല, ശ്രീലങ്ക, ബാലി, ഹവായി, കോസ്റ്ററിക്ക, ബ്രസീൽ, അലാസ്ക, സ്പെയിൻ തീരങ്ങളിലേക്കെല്ലാം അന്ന് മുതൽ ജുവാൻ സന്ദർശിച്ചു. 2017ലാണ് ജുവാൻ ' സ്കുവാ ' എന്ന് പേരിട്ടിരിക്കുന്ന ബോട്ട് സ്വന്തമാക്കിയത്. ശരിക്കും 75 ദിവസം കൊണ്ടാണ് ലക്ഷ്യ സ്ഥാനത്തെത്തുകയെന്നാണ് കരുതിയതെങ്കിലും ബ്രസീലിലെ വിറ്റോറിയാ തീരത്തിന് 150 മൈൽ അകലെ വച്ച് ശക്തമായ തിരയുണ്ടായത് യാത്രയുടെ വേഗം കുറയ്ക്കാനിടയായി.
അങ്ങനെ നീണ്ട 85 ദിവസത്തെ യാത്രയ്ക്കൊടുവിൽ ജൂൺ 17ന് തന്റെ സ്വദേശമായ മാർ ഡെൽ പ്ലേറ്റയിൽ ജുവാൻ എത്തിച്ചേർന്നു. തന്നെ ആദ്യമായ തന്റെ അച്ഛൻ കടൽ കാണിച്ചു നൽകിയ അതേ തീരത്ത് തന്നെ തന്റെ ചരിത്രയാത്ര പൂർത്തികരിക്കാൻ സാധിച്ച സന്തോഷത്തിലാണ് ജുവാൻ. ജുവാന്റെ വരവ് കാത്ത് അച്ഛൻ കാർലോസ് ആൽബെർട്ടോ തീരത്ത് തന്നെയുണ്ടായിരുന്നു. തീരത്തോട് ബോട്ട് അടുപ്പിച്ച ഉടൻ തന്നെ ആരോഗ്യ പ്രവർത്തകർ എത്തി കൊവിഡ് പരിശോധന നടത്തി. 72 മണിക്കൂറുകൾക്ക് ശേഷം ഫലം നെഗറ്റീവ് എന്ന് കണ്ടതോടെയാണ് ജുവാൻ ബോട്ടിൽ നിന്നും അർജന്റൈൻ മണ്ണിലേക്ക് കാല്കുത്തിയത്. മേയിൽ അച്ഛന്റെ 90ാം പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞില്ലെങ്കിലും ജൂൺ 21ന് ഫാദേഴ്സ് ഡേയിൽ ആ ആഗ്രഹം സഫലമാക്കാൻ ജുവാന് കഴിഞ്ഞു.