മാള: സിസ്റ്റർ റോസ് ആന്റോയുടെ നേതൃത്വത്തിൽ കൃഷിചെയ്യുന്ന പാടത്തെ നെല്ലരിച്ചോറിന് ചോക്ലേറ്റിന്റെ രുചിയാണ്. തവിടോടെ എടുക്കുന്ന പച്ചരികൊണ്ടുണ്ടാക്കുന്ന പലഹാരങ്ങൾക്കും ചോക്ളേറ്റിന്റെ മണം. എന്താണ് രഹസ്യം? ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ ഹിന്ദി വിഭാഗം മേധാവിയായിരുന്ന പ്രൊഫ. റോസ് പറയും: മണ്ണറിഞ്ഞുള്ള നാടൻ കൃഷി, കൃത്രിമവളം ഉപയോഗിക്കില്ല.
ഗോമൂത്രവും ചാണകവും ഉൾപ്പെടെ ചേർത്തുണ്ടാക്കുന്ന ജീവാമൃതം ഉപയോഗിച്ചാണ് കൃഷി. സിസ്റ്റർ റോസ് നേതൃത്വം നൽകുന്ന ഹരിതകർമ്മസേന പൂമംഗലം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഉത്പാദിപ്പിച്ച നെല്ലരിക്ക് 'പൂമംഗലം മട്ട" എന്ന പേരും കൃഷി വകുപ്പ് നൽകി.
സുഭാഷ് പലേക്കറുടെ ചെലവില്ലാ പ്രകൃതി കൃഷിയാണ് മാതൃകയാക്കിയത്. പടിയൂർ കോളിൽ തരിശ് കിടന്ന 125 ഹെക്ടർ പാടത്താണ് നെൽകൃഷി. ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും തരിശുരഹിത പദ്ധതിപ്രകാരമാണിത്. ഉമ, കാഞ്ചന, മട്ടത്രിവേണി എന്നിവയാണ് കൃഷി ചെയ്യുന്നത്. സിസ്റ്റർ റോസും സംഘവും മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്ന് പ്രത്യേക പരിശീലനവും നേടി.
രാവിലെ പ്രാർത്ഥന കഴിഞ്ഞ് ഏഴരയോടെ സിസ്റ്റർ പാടത്തിറങ്ങും. വരമ്പ് വയ്ക്കുന്നതും ഞാറു പറിക്കലും നടീലും വിതയ്ക്കലും അടക്കമുള്ള പണികൾ മറ്റു പണിക്കാർക്കൊപ്പം ചെയ്യും. പൂമംഗലം മട്ടയും മൂല്യവർദ്ധിത ഉത്പന്നങ്ങളും ബ്രാൻഡ് ചെയ്ത് വിപണിയിലിറക്കാനാണ് ആലോചിക്കുന്നത്.
ആലപ്പുഴ കൈതവന മംഗലത്ത് ദേവസ്യ ആന്റണിയുടെയും ത്രേസ്യാമ്മയുടെയും മകളാണ് റോസ്. കൊച്ചിൻ യൂണിവേഴ്‌സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽനിന്ന് എം.എ, എം.ഫിൽ, പി എച്ച്.ഡി ബിരുദം നേടി. പിന്നീടാണ് സന്യാസിനിയായത്. 31 വർഷത്തെ അദ്ധ്യാപക ജീവിതത്തിൽനിന്ന് വിരമിച്ചശേഷം 2019 മുതൽ പൂർണസമയം കർഷകയായി. ഹോളി ഫാമിലി സന്യാസിനി സമൂഹത്തിൽ അംഗമായിരുന്ന സിസ്റ്റർ ഇരിങ്ങാലക്കുട കൃപാഭവനിൽ താമസിച്ചാണ് പ്രവർത്തിക്കുന്നത്.
കാരുണ്യത്തിന്റെ മാതൃക
2018ൽ വൃക്കദാനം ചെയ്തുകൊണ്ട് ജീവകാരുണ്യത്തിന്റെ മാതൃകയുമായി സിസ്റ്റർ. ഇരിങ്ങാലക്കുടയിൽ സൈക്കിൾ വർക്ക് ഷോപ്പ് നടത്തുന്ന ആൾക്കാണ് ഒരു വൃക്ക ദാനം ചെയ്തത്. 17 തവണ രക്തദാനവും നടത്തി.
ജീവാമൃതം
ഒരു കിലോഗ്രാം വീതം പയറുപൊടി, ശർക്കര, ഒരു പിടി മണ്ണ്, 10 ലിറ്റർ നാടൻ ഗോമൂത്രം,10 കിലോഗ്രാം ചാണകം എന്നിവ 200 ലിറ്റർ വെള്ളം ചേർത്ത് രണ്ടു നേരം ഇളക്കി അടച്ചുവയ്ക്കണം. 48 മണിക്കൂർ കഴിഞ്ഞ് വളമായി ഉപയോഗിക്കാം. ഒരു ഏക്കർ സ്ഥലത്തിന് 200 ലിറ്റർ വീതമാണ് ഉപയോഗിക്കുന്നത്. കീട നിയന്ത്രണത്തിനായി ഗോമൂത്രത്തിനൊപ്പം വേപ്പെണ്ണ, കാന്താരി, വെളുത്തുള്ളി, കായം എന്നിവ ചേർക്കും.