shasank-sreenivasan

ചെന്നൈ: ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ സ്ഥാനമൊഴിഞ്ഞ ശശാങ്ക് മനോഹറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഐ.സി.സി ചെയർമാനും ബി.സി.സി.ഐ പ്രസിഡന്റുമായിരുന്ന എൻ. ശ്രീനിവാസൻ. കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടാണ് ഐസിസി പ്രസിഡന്റെന്ന നിലയിൽ ശശാങ്ക് മനോഹർ കൈക്കൊണ്ടിരുന്നതെന്ന് ശ്രീനിവാസൻ വിമർശിച്ചു. മുൻ ബി.സി.സി.ഐ പ്രസിഡന്റ് കൂടിയായ ശശാങ്ക് മനോഹർ ഇന്ത്യൻ ക്രിക്കറ്റിന് വരുത്തിവച്ച നാശം കനത്തതാണ്. ലോക ക്രിക്കറ്റിൽ ഇന്ത്യയുടെ പ്രാധാന്യം കുത്തനെ ഇടിച്ച് ഓടി രക്ഷപ്പെടുകയാണ് ശശാങ്ക് മനോഹറെന്നും ശ്രീനിവാസൻ കുറ്റപ്പെടുത്തി. ബി.സി.സി.ഐ മുൻ സെക്രട്ടറി നിരഞ്ജൻ ഷായും ശശാങ്ക് മനോഹറിനെതിരെ വിമർശനവുമായി രംഗത്തുണ്ട്.

ഐ.സി.സിയുടെ ആദ്യ സ്വതന്ത്ര ചെയർമാനെന്ന നിലയിൽ 2015ൽ സ്ഥാനമേറ്റ മനോഹർ, രണ്ടു വർഷം വീതമുള്ള രണ്ട് ടേം പൂർത്തിയാക്കിയാണ് കഴിഞ്ഞ ദിവസം പടിയിറങ്ങിയത്. വൈസ് ചെയർമാൻ ഇമ്രാൻ ഖ്വാജയാണ് താൽക്കാലിക ചെയർമാൻ. സ്വതന്ത്ര ചെയർമാൻമാർക്ക് തുടർച്ചയായി മൂന്നു ടേം ഐ.സി.സി ചട്ടം അനുവദിക്കുന്നുണ്ടെങ്കിലും മതിയായ പിന്തുണ ലഭിക്കാതെ പോയതോടെയാണ് ശശാങ്ക് മനോഹർ സ്ഥാനമൊഴിഞ്ഞത്.

‘ബിസിസിഐയുടെ തലപ്പത്ത് പുതിയ ഭരണനേതൃത്വം എത്തിയതോട തന്റെ കാലം കഴിഞ്ഞെന്ന് ശശാങ്കിന് ബോധ്യമായി. സ്വന്തം ഇഷ്ടങ്ങൾ ഇനി നടക്കില്ലെന്നും അദ്ദേഹം മനസ്സിലാക്കി. ഇനിയും ഒരവസരം കൂടി ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഓടി രക്ഷപ്പെടുകയാണ് അയാൾ ചെയ്തത്. ഇന്ത്യൻ ക്രിക്കറ്റിന് വളരെയധികം നാശം വരുത്തിയ ശേഷമാണ് ശശാങ്ക് മനോഹർ സ്ഥാനമൊഴിയുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇത് സന്തോഷത്തിന്റെ നിമിഷമാണ്. ക്രിക്കറ്റിൽ ഇന്ത്യയ്ക്കുള്ള സാമ്പത്തിക മേൽക്കൈ തകർത്തെന്നു മാത്രമല്ല, ഐസിസിയിൽ ഇന്ത്യയ്ക്കുണ്ടായിരുന്ന സ്വാധീനവും മനോഹർ നശിപ്പിച്ചു. – ശ്രീനിവാസൻ കുറ്റപ്പെടുത്തി.

ഇന്ത്യൻ ക്രിക്കറ്റിന് താൻ മൂലം സംഭവിച്ച നാശത്തെക്കുറിച്ച് ഇനിയെങ്കിലും സ്വസ്ഥമായിരുന്ന് ഒന്ന് ചിന്തിക്കാൻ ശശാങ്ക് മനോഹർ തയാറാകണമെന്ന് നിരഞ്ജൻ ഷാ ആവശ്യപ്പെട്ടു. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ നേതൃത്വത്തിനു കീഴിൽ ഐ.സി.സിയിലെ സ്വാധീനം തിരിച്ചുപിടിക്കാൻ ബി.സി.സി.ഐയ്ക്ക് കഴിയുമെന്ന് ഷാ പ്രതീക്ഷ പ്രകടിപ്പിച്ചു.