ബോട്സ്വാന: ദക്ഷിണാഫ്രിക്കയിലെ ബോട്സ്വാനയിലെ കാടുകളിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ ചരിഞ്ഞത് 350ലധികം ആനകൾ.രാജ്യത്തിന്റെ വടക്കു പടിഞ്ഞാറുഭാഗത്തായാണ് പലയിടങ്ങളിലായി ആനകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ചരിഞ്ഞ ആനകളിലൊന്നും പരിക്കു പറ്റിയതിന്റെയോ വേട്ടയാടിയതിന്റെയോ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. കൊമ്പുകളും നഷ്ടപ്പെട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.
മേയ് ആദ്യവാരമാണ് 165 ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഒരു മാസത്തിനുള്ളിൽ ബാക്കിയുള്ള മൃതദേഹങ്ങളും കണ്ടെത്തി. ആനകളുടെ വർദ്ധന തടയാൻ ആരെങ്കിലും മനഃപൂർവം നടത്തിയ കൊലപാതകമാണോ ഇതെന്നും സംശയിക്കുന്നുണ്ട്. കാരണം, മറ്റു മൃഗങ്ങൾക്കൊന്നും ജീവഹാനി ഉണ്ടായിട്ടില്ല. ചരിഞ്ഞ ആനകളെല്ലാം മുഖമിടിച്ച് വീണ നിലയിലാണുള്ളത് എന്നതും സംശയം വർദ്ധിപ്പിക്കുന്നു. വിഷമോ സയനൈഡോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ മറ്റു മൃഗങ്ങൾക്കും മരണം സംഭവിക്കുമായിരുന്നു. ജലാശയങ്ങൾക്ക് സമീപമാണ് ഭൂരിഭാഗം ആനകളുടെയും ജഡം കണ്ടെത്തിയത്. അതിനാൽ തന്നെ വരൾച്ച മൂലമാണ് ആനകൾ ചരിഞ്ഞതെന്ന നിഗമനത്തിലെത്താനാകില്ലെന്നും ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇതെല്ലാം ദുരൂഹത വർദ്ധിപ്പിച്ചിരിക്കുകയാണ്. മരണകാരണമറിയാൻ ലാബ് റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ് അധികൃതർ.
അസുഖമാണ് മരണകാരണമെങ്കിൽ അവ മനുഷ്യരിലേക്ക് പടരാനുള്ള സാദ്ധ്യതയും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.