യു.എൻ: കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ആരോപിച്ച പാകിസ്ഥാന് അനുകൂലമായി സഖ്യകക്ഷിയായ ചൈന യു.എൻ രക്ഷാസമിതിയിൽ കൊണ്ടുവന്ന പ്രമേയം ജർമ്മനിയും അമേരിക്കയും ഇടപെട്ട് വൈകിപ്പിച്ചത് ചൈനയ്‌ക്ക് തിരിച്ചടിയായി. ലഡാക്കിലെ ചൈനീസ് അതിക്രമത്തിനെതിരെ ശക്തമായ നടപടികളെടുത്ത ഇന്ത്യയ്‌ക്ക് ലോകരാജ്യങ്ങളുടെ പിന്തുണ ഏറുന്നതിന്റെ സൂചനയാണിത്.
കറാച്ചി ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയും ആരോപിച്ചിരുന്നു. അതിന് പിന്നാലെ പ്രതിഷേധ പ്രമേയം ചൈന സ്വയം തയ്യാറാക്കി ചൊവ്വാഴ്ച രക്ഷാസമിതിയിൽ അവതരിപ്പിക്കുകയായിരുന്നു.
ഇത്തരം പ്രമേയങ്ങൾക്ക് ഒരു 'നിശബ്ദ' നടപടിക്രമം ഉണ്ട്. നിശ്ചിത സമയത്തിനകം ആരും എതിർത്തില്ലെങ്കിൽ പാസായതായി കണക്കാക്കും. ചൈനീസ് പ്രമേയത്തിന് ചൊവ്വാഴ്ച വൈകിട്ട് നാല് മണിവരെയായിരുന്നു ഈ സമയപരിധി. കൃത്യം നാല് മണിക്ക്, നിലവിൽ രക്ഷാസമിതി അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന ജർമ്മനി, തങ്ങളുടെ സർക്കാരുമായി ആലോചിക്കേണ്ടതിനാൽ പ്രമേയം മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു. ഭീകരാക്രമണത്തിന്റെ പേരിൽ പാകിസ്ഥാൻ ഇന്ത്യയെ കുറ്റപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്നും ജർമ്മൻ പ്രതിനിധികൾ പറഞ്ഞു. പ്രമേയം മാറ്റിവയ്‌ക്കാനുള്ള തന്ത്രമായാണ് ജർമ്മൻ പ്രതിനിധി സർക്കാരുമായി ആലോചിക്കണമെന്ന് പറഞ്ഞത്. സർക്കാരുമായി ആലോചിച്ചെങ്കിൽ ജർമ്മൻ പ്രതിനിധി രണ്ടാമത് എതിർപ്പുകൾ അറിയിക്കേണ്ടതായിരുന്നു, അതുണ്ടായില്ല.
പ്രമേയം വൈകിപ്പിക്കുന്നതിനെ ചൈനീസ് സംഘം എതിർത്തെങ്കിലും വിലപ്പോയില്ല. അങ്ങനെ പ്രമേയത്തിന്റെ സമയപരിധി ബുധനാഴ്ച രാവിലെ പത്ത് മണിവരെ നീട്ടി. ബുധനാഴ്ച അവസാന നിമിഷം ഇടപെട്ട അമേരിക്കയും പ്രമേയം മാറ്റിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. അമേരിക്കയുടെ ആവശ്യത്തിന് പിന്നിൽ ചൈനയോടുള്ള എതിർപ്പു മാത്രമല്ല, ഭീകരൻ ബിൻലാദനെ അമേരിക്ക രക്തസാക്ഷിയാക്കിയെന്ന് പാക് പ്രാധാനമന്ത്രി ഇമ്രാൻ ഖാൻ അടുത്തിടെ ആക്ഷേപിച്ചത് അമേരിക്കയെ ചൊടിപ്പിച്ചിരുന്നു.
പുതിയ സമയ പരിധി ഉച്ചയ്‌ക്ക് ഒരുമണിക്കായിരുന്നു. അമേരിക്ക പിന്നെ എതിർത്തില്ല. കൂടുതൽ രാജ്യങ്ങൾ എതിർക്കാത്തതിനാൽ പ്രമേയം പാസായി. എങ്കിലും ചൈനയ്‌ക്ക് ഇത് തിരിച്ചടി തന്നെയാണ്.
ചൈനയുടെ ലക്ഷ്യം
@ പാകിസ്ഥാനെ ഭീകരപ്രവർത്തനത്തിന്റെ സ്പോൺസർ അല്ലെന്ന് സ്ഥാപിക്കുക. പകരം ഭീകരതയുടെ ഇരയായി അവതരിപ്പിച്ച് രക്തസാക്ഷി പരിവേഷം നൽകുക
@ഇന്ത്യയെ ഭീകരതയുടെ മുദ്രകുത്തി താറടിക്കുക
ചൈനീസ് ആപ് നിരോധനം
സ്വാഗതം ചെയ്‌ത് അമേരിക്ക
വാഷിംഗ്ടൺ:ഇന്ത്യ ചൈനീസ് ആപ്പുകൾ നിരോധിച്ചതിനെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ സ്വാഗതം ചെയ്‌തു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിരീക്ഷണ ഉപാധികളാണ് ഈ ആപ്ലിക്കേഷനുകൾ. ഇവ നിരോധിച്ചതിലൂടെ ഇന്ത്യയുടെ അഖണ്ഡതയും ദേശീയസുരക്ഷിതത്വവും സംരക്ഷിക്കപ്പെടുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.