ഷിംല: ഹിമാചൽ പ്രദേശിലെ സ്‌പിതിയിലെ കാസാ എന്ന ഗോത്രവർഗ ഗ്രാമത്തിലെ എല്ലാ വീടുകളിലെയും ഒരു സ്ത്രീയെങ്കിലും പൊലീസ് കേസിൽ ഉൾപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ഹിമാചൽ കൃഷിവകുപ്പ് മന്ത്രി രാംലാൽ മാർകണ്ഡക്കെതിരെ കഴിഞ്ഞ മാസം ഗ്രാമകവാടത്തിൽ വനിതകൾ ചേർന്നുളള മഹിളാ മണ്ഡൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തവർക്കാണ് പൊലീസ് കേസ് നേരിടേണ്ടി വരിക. ജൂൺ 9നായിരുന്നു പ്രതിഷേധം. ഏകദേശം ഇരുനൂറോളം പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
കൊവിഡ് വ്യാപകമായതോടെ ഗ്രാമത്തിലേക്ക് രോഗം വരാതെയിരിക്കാൻ പ്രദേശവാസികൾ പുറത്ത് നിന്നും വരുന്നവരെ നിയന്ത്രിച്ചിരുന്നു. ആ സമയത്താണ് സ്ഥലം എം.എൽ.എയും മന്ത്രിയുമായ രാംലാൽ മാർകണ്ഡയും പരിവാരങ്ങളും എത്തിയത്. തുടർന്ന് നാട്ടുകാർ പ്രതിഷേധിക്കുകയും ഇവരെ ക്വാറന്റൈനിൽ പാർപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. ഗ്രാമത്തിലേക്ക് കടക്കാനാകാതെ മന്ത്രിയ്ക്കും സംഘത്തിനും ഒടുവിൽ തിരികെ മടങ്ങേണ്ടി വന്നു.
ഇതിനെതിരെ പൊലീസ് കേസെടുത്തതോടെ ഗ്രാമത്തിലെ വീടുകളിലെ ഒരു സ്ത്രീയെങ്കിലും കേസിൽ ഉൾപ്പെട്ടു. സംസ്ഥാനത്ത് ഗോത്രമേഖലകളിൽ പലപ്പോഴും പ്രാദേശികമായി സംഘടിപ്പിക്കപ്പെടുന്ന സമിതിയാണ് കാര്യങ്ങൾ തീരുമാനിക്കുക. ഇങ്ങനെ രൂപീകരിച്ച സമിതി മാർച്ച് 15 ന് ശേഷം പുറത്തുനിന്നുളളവരുടെ വരവ് വിലക്കി. തുടർന്നാണ് മന്ത്രിയും പരിവാരങ്ങളും ഗ്രാമത്തിലെത്തിയപ്പോൾ ഇവർ തടഞ്ഞത്. ഇതുവരെ ഹിമാചലിൽ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത സ്ഥലമാണ് സ്പിതി. കേസിൽ പെട്ട ആരെയും എന്നാൽ അറസ്‌റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.