തിരുവനന്തപുരം : ദേശീയ ചാമ്പ്യൻഷിപ്പിന്റെ മടക്കയാത്രയിൽ ട്രെയിനിൽ വച്ച് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു കായിക പരിശീലകനെതിരെ തുടരന്വേഷണം നടത്താൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ തീരുമാനിച്ചു. കഴിഞ്ഞ മാസം ചേർന്ന സ്റ്റാൻഡിംഗ് കമ്മറ്റിയാണ് ഇൗ തീരുമാനമെടുത്തത്.
കൗൺസിലിലെ ഒരു സ്റ്റാൻഡിംഗ് കമ്മറ്റി അംഗവും ഒരു അഭിഭാഷകപ്രതിനിധിയും തിരുവനന്തപുരത്തുള്ള ഒരു അന്താരാഷ്ട്ര വനിതാകായികതാരവും അടങ്ങുന്നതാണ് അന്വേഷണ കമ്മിഷൻ. സ്റ്റാൻഡിംഗ് കമ്മറ്റി പ്രതിനിധിയായി രഞ്ജു സുരേഷിനെയും അഭിഭാഷകപ്രതിനിധിയായി എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായ ശ്രീനിജനെയും നിശ്ചയിച്ചു. വനിതാ കായിക താരത്തെ നിശ്ചയിച്ചിട്ടില്ല. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സ്റ്റാൻഡിംഗ് കമ്മറ്റി നിർദേശം.
അതിനിടെ കഴിഞ്ഞ ദിവസം സംസ്ഥാന സ്പോർട്സ് കൗൺസിലെ ഒാഫീസ് ജീവനക്കാരിൽ ഒരു വിഭാഗത്തെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് വിവാദമായിട്ടുണ്ട്. കൊവിഡ് കാലവും ആരോഗ്യസ്ഥിതിയും പരിഗണിക്കാതെ ഇടുക്കി മുതൽ കൊല്ലം വരെയുള്ള ജില്ലകളിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് ജീവനക്കാർ ഇന്നലെ കായികമന്ത്രിക്കും സി.പി.എം പാർട്ടി സെക്രട്ടറിക്കും പരാതി നൽകി.