വളർന്നു വരുന്ന ക്രിക്കറ്ര് താരങ്ങൾ മാതൃകയാക്കേണ്ട വ്യക്തിത്വമാണ് വിരാട് കൊഹ്‌ലിയെന്ന് മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. അദ്ദേഹത്തിൽ നിന്ന് തനിക്കേറെ പഠിക്കാനായെന്നും അദ്ദേഹത്തിന്റെ സമർപ്പണവും കളിയോടുള്ള സമീപനവും യുവതാരങ്ങൾക്ക് പാഠപുസ്തകമാണെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ സഞ്ജു വ്യക്തമാക്കി.
എനർജറ്രിക്
വിരാട് ഭായിയുമൊത്തുള്ള ഡ്രസിംഗ് റൂമിലെ നിമിഷങ്ങൾ വളരെ പോസിറ്രീവ് എനർജിയാണ് നൽകുക. ന്യൂസിലൻഡ് ടൂറിലുൾപ്പെടെ ഞാനത് അനുഭവിച്ചറിഞ്ഞതാണ്. അദ്ദേഹം വളരെ എനർജറ്രിക്കാണ്. എപ്പോഴും സന്തോഷത്തോടെ ചിരിച്ച മുഖത്തോടെയേ അദ്ദേഹത്തെ ഡ്രസിംഗ് റൂമിൽ കണ്ടിട്ടുള്ളൂ. ഡ്രസിംഗ് റൂമിൽ ഒരിക്കലും നെഗറ്റീവ് എനർജിയുണ്ടാകരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. അതേസമയം കളിക്കുന്ന സമയത്ത് അദ്ദേഹം സീരിയസായിരിക്കും.
അല്ലാത്ത സമയങ്ങളിൽ എല്ലാവരോടും എപ്പോഴും തമാശകൾ പറഞ്ഞു കൊണ്ടിരിക്കും. വിരാട് ഭായ്‌യുടേയും രവി സാറിന്റെയും സാന്നിധ്യം ഡ്രസിംഗ് റൂമിനെ എപ്പോഴും ലൈവായി നിറുത്തും.
പഠിക്കാനേറെയുണ്ട്
വിരാട് ഭായിക്കൊപ്പം ആയിരുന്ന സമയങ്ങളിലെല്ലാം ചിരിച്ച മുഖത്തോടെയേ എന്നെയും നിങ്ങൾക്ക് കാണാൻ കഴിഞ്ഞിട്ടുള്ളൂ. അതേസമയം അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുമുണ്ട്.ന്യൂസിലൻഡ് ടൂറിനിടെ ധാരാളം ബാറ്റിംഗ് ടിപ്സുകളും ഫിറ്റ്‌നസ് പാഠങ്ങളും അദ്ദേഹം പറഞ്ഞു തന്നു. അദ്ദേഹത്തിനൊപ്പം സൂപ്പർ ഓവറിൽ ബാറ്ര് ചെയ്തതും മറക്കാനാവാത്ത അനുഭവമാണ്.
റോൾ മോഡൽ
നിലവിൽ ലോകത്തെ ഏറ്രവും മികച്ച താരമാണ് വിരാട് . അത് അദ്ദേഹത്തിന്റെ സമർപ്പണത്തിന്റെ കഠിനാധ്വാനത്തിന്റെയും ഫലമാണെന്ന് ഞാൻ വിശ്വാസിക്കുന്നു. ഞാനെപ്പോൾ ജിമ്മിൽ ചെന്നാലും അദ്ദേഹം അവിടെ വർക്കൗട്ട് ചെയ്യുന്നുണ്ടാകും.കൃത്യനിഷ്ഠയുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ്. എത്ര തിരക്കുണ്ടായാലും തന്റെ ദിനചര്യകളിൽ മാറ്രം വരുത്തില്ല. കളിയിലും ആരോഗ്യത്തിലും അദ്ദേഹം പുലർത്തുന്ന ശ്രദ്ധയും പിന്തുടരുന്ന ആഹാര രീതികളും പരിശീലന രീതികളും പരിക്കിൽ നിന്നെല്ലാം റിക്കവർ ചെയ്യുന്ന രീതിയുമെല്ലാം എല്ലാവർക്കും മാതൃകയാണ്.
ശാസ്ത്രി പാവം
രവി സാറിനെക്കണ്ടാൽ നമുക്കൽപ്പം പേടി തോന്നും. അദ്ദേഹത്തിന്റെ ഉയരവും വണ്ണവും ഉറച്ച ശബ്ദവും ഒക്കെ വലിയ സീരിയസ് ആയ ആൾ ആണെന്ന ധാരണയാണ് ഉണ്ടാക്കുക. എന്നാൽ അതെല്ലാം വെറും തോന്നൽ മാത്രമാണ്. എപ്പോഴും തമാശകൾ പറഞ്ഞ് ചിരിച്ചുല്ലസിച്ച് നടക്കുന്നയാളാണ് രവി സാർ. സമ്മർദ്ദ സമയത്ത് നമ്മളെ കൂളാക്കാൻ സമർത്ഥനാണ്. രവി സാറടുത്തുള്ളപ്പോൾ എല്ലാവരും സന്തോഷത്തോടെയും അതോടൊപ്പം അച്ചടക്കത്തോടെയും ആയിരിക്കും .