ബുക്കുകൾ വായിക്കാൻ ഇഷ്ടമല്ലാത്തവരായി ആരാണുള്ളത്? വായന ഒരുപരിധി വരെ സൈബർ ഇടങ്ങളിലേക്ക് വഴിമാറിയെങ്കിലും അക്ഷരസ്നേഹികളായ നിരവധി വായനക്കാർ ഇന്നും നമ്മുടെയിടയിലുണ്ട്. വായന ഇഷ്ടമായവരുടെ വീടുകളിൽ ഇഷ്ടമായ ബുക്കുകളുടെ ഒരു ചെറിയ ലൈബ്രറി കാണുമെന്ന കാര്യത്തിൽ സംശയമില്ല. ഇനി സ്ഥലമില്ലെങ്കിൽ വിഷമം വേണ്ട അധികം സ്ഥലം പാഴാക്കാതെ ഗുണപരമായി വീട്ടിൽ ഒരു ബുക്ക് ഷെൽഫ് തയ്യാറാക്കാൻ ചില എളുപ്പവഴികൾ നോക്കാം.
പണ്ട് വീട്ടിലെ ഗോവണി പടി ഭാഗത്ത് എന്റർടൈൻമെന്റ് ഏരിയ ആയിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോഴവിടെ ഹോം തിയേറ്ററുകളായി നാം മാറ്റി. ഇതിനടുത്തായി ഒരു ബുക്ക് ഷെൽഫ് തയ്യാറാക്കുന്നത് നല്ലതാണ്. കാഴ്ച്ചയ്ക്ക് കൗതുകം മാത്രമല്ല, വേണ്ട പുസ്തകങ്ങൾ വായിക്കാൻ സൗകര്യാർത്ഥം അടുക്കി വയ്ക്കുകയും ചെയ്യാം. പുതിയ പല വീടുകളിലും ഈ രീതി പരീക്ഷിച്ച് വരുന്നുണ്ട്.
കുട്ടികൾക്ക് പ്രത്യേകമായൊരു ബുക്ക് ഷെൽഫ് തയ്യാറാക്കുന്നതാണ് നല്ലത്. സ്ഥലസൗകര്യവും ആവശ്യവും നോക്കി വേണം ലൈബ്രറികൾ നിർമ്മിക്കാൻ. കസ്റ്റമൈസ്ഡ് ബുക്ക് ഷെൽഫുകൾക്കാണ് ഇന്ന് വിപണിയിൽ ഡിമാന്റ്. പഠിക്കുന്ന പുസ്തകങ്ങൾ, റഫറൻസ് പുസ്തകങ്ങൾ, എന്റർടൈൻമെന്റ് പുസ്തകങ്ങൾ, ലൈഫ്സ്റ്റൈൽ മാഗസിനുകൾ എന്നിവ പ്രത്യേകമായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വീട്ടിലെ ബുക്ക് ഷെൽഫുകൾ ലൈബ്രറി ആവശ്യത്തിനല്ല മറിച്ച് അലങ്കാരത്തിനാണ്. ബെഡിനു മുകളിൽ റാക്കുകൾ നിർമ്മിച്ച് ബുക്കുകൾ സൂക്ഷിക്കുന്ന രീതി നല്ലതല്ല. എപ്പോഴും ബുക്കുകൾ അടച്ച് സൂക്ഷിക്കാൻ കഴിയുന്ന കാബിനുകളാണ് ലൈബ്രറിക്കുത്തമം. വ്യത്യസ്ത ആകൃതികളിലുള്ള ബുക്ക് ഷെൽഫുകൾ ഇന്ന് വിപണിയിൽ സജീവമാണ്. ചെറിയ വലിപ്പത്തിൽ കൂടുതൽ ബുക്കുകൾ വെയ്കാൻ കഴിയുന്ന ഷെൽഫുകൾ തിരഞ്ഞെടുക്കുന്നത് സ്ഥലപരിമിതിയുള്ള വീടുകൾക്ക് നല്ലതാണ്.