kanam-rajendran

തിരുവനന്തപുരം: കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട് സിപിഐ നേരത്തെ സ്വീകരിച്ച നിലപാട് മാറ്റേണ്ട യാതൊരു ഭൗതികസാഹചര്യവും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രൻ.

യു.ഡി.എഫ്. ദുർബലമായാൽ അതിന്റെ ഗുണം എൽഡിഎഫിനാണ് ലഭിക്കുന്നത്. യു.ഡി.എഫ് ദുർബലമായാൽ കോട്ടയത്തെ ഏഴു സീറ്റുകളിലും എൽഡിഎഫ്. വിജയിക്കും. പാലായിൽ മാണി സി കാപ്പൻ വിജയിച്ചത് എൽഡിഎഫ്. ഒരുമിച്ച് പ്രവർത്തിച്ചതു കൊണ്ടാണെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

കേരള കോൺഗ്രസിന്റെ സഹായമില്ലാതെ ഇടതുമുന്നണിക്ക് കേരളത്തിൽ തുടർഭരണം കിട്ടും. ഇനി അത് നശിപ്പിക്കാതിരുന്നാൽ മതിയെന്നും കാനം പറഞ്ഞു. കേരള കോൺഗ്രസ് ജോസ് കെ മാണി വന്നതുകൊണ്ട് എൽഡിഎഫിന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടാനില്ല. കേരള കോൺഗ്രസ് ജോസിന്റെ സ്വാധീനം നിയമസഭ ഉപതിരഞ്ഞെടുപ്പിൽ പാല നിയോജക മണ്ഡലത്തിൽ തെളിയിച്ചതാണ്. ക്രൈസ്തവ വോട്ടുകൾ ആരുടെയും കയ്യിലല്ല. ക്രൈസ്തവ വോട്ടുകൾ എൽ.ഡി.എഫിനും കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് മുന്നണിയിലേക്ക് വരേണ്ടതില്ലെന്ന് പറഞ്ഞിട്ടില്ല. ഒരു പുതിയ ഘടകകക്ഷിയെ മുന്നണിയിലേക്ക് ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയോ അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. കേരള കോൺഗ്രസുമായുള്ളത് നയപരമായ തർക്കമാണെന്നും അല്ലാതെ കുടുംബതർക്കം വല്ലതുമുണ്ടോയെന്നും കാനം ആരാഞ്ഞു.