യാംഗൂൺ: വടക്കൻ മ്യാൻമറിലെ രത്‌ന ഖനിയിലുണ്ടായ മണ്ണിടിച്ചിൽപെട്ട് 113 തൊഴിലാളികൾ മരിച്ചു. 200ലധികം പേർ മണ്ണിനടിയിൽപെട്ടിട്ടുണ്ട്. ഇവർക്കായി രാത്രിവൈകിയും രക്ഷാ പ്രവർത്തനം തുടരുകയാണ്. പ്രാദേശികസമയം രാവിലെ 6.30ഓടെയായിരുന്നു അപകടം. കാച്ചിൻ സംസ്ഥാനത്തെ ചൈനീസ് അതിർത്തിയോട് ചേർന്നുള്ള രത്‌നക്കൽ ഖനികളാൽ സമ്പന്നമായ മേഖലയിലാണ് ദുരന്തമുണ്ടായത്. രത്‌നക്കല്ലുകൾ ശേഖരിക്കുയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
കനത്ത മഴയെ തുടർന്നാണ് അപകടമെന്ന് മ്യാൻമർ ഫയർ സർവീസസ് വകുപ്പ് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. ഇതുവരെ 113 പേരുടെ മൃതദേഹം കണ്ടെത്തിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇനിയും മരണസംഖ്യ ഉയർന്നേക്കും. മ്യാന്മറിലെ ഖനികളിൽ നേരത്തേയും നിരവധി തവണ മണ്ണിടിച്ചിൽ അപകടങ്ങളുണ്ടായിട്ടുണ്ട്. 2015ൽ 116 പേർക്ക് ഒരപകടത്തിൽ ജീവൻ നഷ്ടമായിരുന്നു. 2016ൽ നോബൽ ജേതാവ് ഓംഗ്സാൻ സൂചി മ്യാൻമറിൽ അധികാരത്തിലെത്തിയപ്പോൾ എടുത്ത പ്രധാന തീരുമാനംതന്നെ രാജ്യത്തെ ഖനിവ്യവസായം തുടച്ചുനീക്കുമെന്നായിരുന്നു. എന്നാൽ, സുരക്ഷിതമല്ലാത്ത കാലാവസ്ഥയും തൊഴിൽസാഹചര്യവും കാരണവും നിരവധിപ്പേരാണ് ഖനികളിൽ ഓരോതവണയും മരണപ്പെടുന്നത്.